Trending

രണ്ടാനച്ഛൻ വീടിനുള്ളിൽ പൂട്ടിയിട്ട് തീവെച്ചു; അനുജത്തിയെ പതിനഞ്ചുകാരൻ ഓട് പൊളിച്ച് രക്ഷിച്ചു.


പത്തനംതിട്ട: ഭാര്യയെയും മക്കളെയും പൂട്ടിയിട്ട ശേഷം മണ്ണെണ്ണ ഒഴിച്ച് രണ്ടാനച്ഛൻ വീടിന് തീ കൊളുത്തി. ആളിപ്പടർന്ന തീയിൽ നിന്ന് വലിച്ചെടുത്ത് അനുജത്തിയെ പതിനഞ്ചുകാരനായ സഹോദരൻ രക്ഷിച്ചു. വീടിന്റെ കഴുക്കോലിൽ തൂങ്ങി ഓട് പൊളിച്ച് പുറത്തിറക്കിയാണ് രക്ഷപ്പെടുത്തിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാൻ നോക്കി. പക്ഷേ, പരാജയപ്പെട്ടു. പൊള്ളലേറ്റ അമ്മയെ അയൽവാസികളാണ് കതക് തകർത്ത് പുറത്തിറക്കിയത്. 

വകയാർ കൊല്ലൻപടി കനകമംഗലത്ത് ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. രജനി (40) യെയും രണ്ടു മക്കളെയും മുറിക്കുള്ളിൽ പൂട്ടിയശേഷം ഭർത്താവ് സിജു പ്രസാദ് (43) ആണ് വീടിന് തീ കൊളുത്തിയത്. കോന്നി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് പരിക്കില്ല. പെയിന്റിങ് തൊഴിലാളിയാണ് സിജു. ഭാര്യയും മക്കളും ഉറങ്ങാൻകിടന്ന സമയം ഇയാൾ വീടിന് പുറത്തിറങ്ങി മുറിയിൽ മണ്ണെണ്ണ ഒഴിച്ചശേഷം വാതിലിന് മുകളിലുള്ള ഒഴിവിലൂടെ തീപ്പന്തം എറിയുകയായിരുന്നു.

മണ്ണെണ്ണ ദേഹത്ത് വീണതോടെ മകനായ പതിനഞ്ചുകാരൻ എഴുന്നേറ്റു. ഇതിനിടെ തീ വീടാകെ പടർന്നു. ഉടനെ ഇരുമ്പു കഴുക്കോലിൽ തൂങ്ങി മുകളിൽ കയറിയ പതിനഞ്ചുകാരൻ ഓട് ഇളക്കിമാറ്റി സഹോദരിയെ രക്ഷപ്പെടുത്തി. അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വീട്ടിൽനിന്ന് കൂട്ടക്കരച്ചിൽ ഉയർന്നതോടെ അയൽപക്കത്തുള്ളവർ ഓടിക്കൂടി. കതക് പൊളിച്ചാണ് രജനിയെ രക്ഷപ്പെടുത്തിയത്. ഇവർക്ക് കൈയ്ക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. 

കുടുംബകലഹമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഒളിവിൽപോയ സിജുവിനെ ഇൻസ്‌പെക്ടർ ബി.രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം പൂങ്കാവിൽ നിന്ന് പിടികൂടി. രജനി ലോട്ടറി വിൽപ്പനക്കാരിയാണ്. ഇവരുടെ രണ്ടാം വിവാഹമാണ്. പ്രതിയെ റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post