കോഴിക്കോട്: നഗരത്തിൽ വിവിധയിടങ്ങളിൽ തൂണുകളിൽ നിന്ന് റോഡിലേക്ക് താഴ്ന്നുകിടക്കുന്ന കേബിളുകൾ അപകട ഭീഷണിയാകുന്നു. മലാപ്പറമ്പിൽ കേബിൾ കുരുങ്ങി ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്കേറ്റു. കുന്ദമംഗലം പന്തീർപ്പാടം സ്വദേശി ബിജുവിനാണ് കൈപ്പത്തിയിൽ ആഴത്തിൽ മുറിവേറ്റത്.
ജോലി സംബന്ധമായ ആവശ്യത്തിനായി ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്നു ബിജു. പിന്നിൽ വന്ന വാഹനം ഹോണടിച്ചപ്പോൾ വശത്തേക്ക് ഒതുക്കുന്നതിനിടെയാണ് റോഡിൽ താഴ്ന്നു കിടന്നിരുന്ന കേബിളിൽ കൈ കുരുങ്ങിയത്. കേബിൾ ശ്രദ്ധയിൽപ്പെടാത്ത രീതിയിലായിരുന്നു കിടന്നിരുന്നതെന്ന് ബിജു പറഞ്ഞു. ബൈക്കിന് വേഗത കുറവായതിനാലാണ് കേബിൾ കഴുത്തിൽ കുരുങ്ങാതിരുന്നത്. വലിയൊരു അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. പരിക്കേറ്റ ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തി ചികിത്സ തേടി.
മലാപ്പറമ്പിൽ പലയിടത്തും സമാനമായ രീതിയിൽ കേബിളുകൾ അപകടകരമായി തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ബിജു ചൂണ്ടിക്കാട്ടുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് ഇത്തരം കേബിളുകൾ നീക്കം ചെയ്തില്ലെങ്കിൽ വരും ദിവസങ്ങളിൽ വലിയ അപകടങ്ങൾക്കും ജീവഹാനിക്കും ഇത് കാരണമാകുമെന്ന ആശങ്ക ശക്തമാണ്.