ഉള്ളിയേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് വാഹനാപകടത്തിൽ മരിച്ചു. ഉള്ളിയേരി വീട് ഉള്ളിയേരി നളന്ദ ആശുപത്രിക്ക് സമീപം താമസിക്കുന്ന മണ്ടിലിക്കണ്ടി പ്രകാശൻ (60) ആണ് മരിച്ചത്. ഇന്നലെ രാത്രി ഉള്ളിയേരി പൊയിൽതാഴത്ത് വെച്ച് ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന പ്രകാശന്‍ സഞ്ചരിച്ചിരുന്ന ബൈക്കും, അതേദിശയില്‍ വരികയായിരുന്ന ഓട്ടോയും തമ്മിലിടിച്ചാണ് അപകടം സംഭവിച്ചത്.
ഗുരുതരമായി പരിക്കേറ്റ പ്രകാശനെ മൊടക്കല്ലൂർ എംഎംസി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിൽ ചികിൽസയിലിരിക്കെ ഇന്ന് പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംസ്കാരം വൈകുന്നേരം 4 മണിക്ക് ഉള്ളിയേരി പാലോറ സ്റ്റോപ്പിന് സമീപം പ്രശാന്തി ഗാർഡൻ സ്മശാനത്തിൽ. ഭാര്യ: രമാദേവി. മക്കള്‍: രാഹുല്‍, ഐശ്വര്യ.