വടകര: വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതികൾ പിടിയിൽ. തമിഴ്നാട് നാഗർ കോവിൽ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്. പൂത്തൂർ പൂന്തോട്ടത്തിൽ ദേവിയുടെ മൂന്നര പവൻ വരുന്ന സ്വർണമാലയാണ് യുവതികൾ പൊട്ടിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.
അറക്കിലാട് 110 കെവി സബ്സ്റ്റേഷൻ സ്റ്റോപ്പിൽ നിന്ന് വടകര പഴയ ബസ് സ്റ്റാന്റിലേക്കുള്ള ഓട്ടോ യാത്രയിലാണ് മാല പൊട്ടിക്കാനുള്ള ശ്രമം. നാടോടി സ്ത്രീകളായ യുവതികൾ ഇടയ്ക്ക് വെച്ചാണ് ഓട്ടോയിൽ കയറിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയ വയോധിക ഇവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
ഇവർ മാലപ്പൊട്ടിക്കാൻ ശ്രമിച്ചതോടെ വയോധിക ബഹളം വച്ചു. തുടർന്ന് ഓട്ടോ വഴിയരികിൽ നിർത്തി ഡ്രൈവറും നാട്ടുകാരും ചേർന്ന് നാടോടി സ്ത്രീകളെ തടഞ്ഞു വയ്ക്കുകയായിരുന്നു. വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ വടകര പോലിസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു.