ബാലുശ്ശേരി: ബാലുശ്ശേരി കൈരളി റോഡിലെ ആക്രിക്കടക്ക് തീപിടിച്ച് നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെയാണ് ആക്രിക്കടയിലെ പിൻഭാഗത്തു നിന്നും തീ ഉയർന്നത്. പഴയ ചാക്കുകെട്ടുകളും ഷെഡിന്‍റെ പ്ലാസ്റ്റിക് ഷീറ്റിട്ട മേൽക്കൂരയും കത്തിനശിച്ചു.
തിയ്യക്കണ്ടി നൗഫലിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ആക്രിക്കട. സമീപത്തെ കടക്കാരാണ് തീ കണ്ടത്. ആക്രിക്കടയിൽ നിന്നു പൊട്ടിത്തെറി ശബ്ദം കേട്ടയുടനെയാണ് തീയുയർന്നതെന്ന് സമീപ കടക്കാർ പറഞ്ഞു. ഉടനെ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്നു തീയണക്കാൻ ശ്രമിച്ചതിനാൽ കൂടുതൽ അപകടങ്ങളുണ്ടായില്ല.
നരിക്കുനിയിൽ നിന്നും രണ്ടു ഫയർഫോഴ്സ് യൂനിറ്റ് സംഘം സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. നേരത്തെ ഇവിടുണ്ടായിരുന്ന കൈരളി ടാക്കിസ് വർഷങ്ങൾക്കു മുമ്പ് കത്തിനശിച്ചിരുന്നു. ഇതിനു ശേഷമാണ് ആക്രിക്കട തുടങ്ങിയത്.