തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ യുവാവ് മരിച്ചതായി ആരോപണം. വിളപ്പിൽശാല കൊല്ലംകോണം സ്വദേശി ബിസ്‌മിർ (37) ആണ് മരിച്ചത്. ആശുപത്രിയിൽ വാതിലുകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നുവെന്നും നിരവധി തവണ വിളിച്ചതിനും കോളിങ് ബെൽ അടിച്ചതിനും ശേഷമാണ് ഡോക്ടർ പുറത്തേക്ക് വന്നതെന്നുമാണ് കുടുംബത്തിൻ്റെ ആരോപണം. എന്നിട്ടും പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്നും ഭാര്യ ജാസ്മിൻ ആരോപിക്കുന്നു.
ഈ മാസം 19 നാണ് ശ്വാസ തടസ്സത്തെ തുടർന്ന് ബിസ്‌മിർ വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ എത്തിയത്. ഭാര്യ ജാസ്മിനായിരുന്നു ബിസ്മിറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനായിരുന്നു ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ബിസ്മിർ മരണപ്പെടുകയും ചെയ്തു.
ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ രോഗിക്ക് ജീവനക്കാർ ഗേറ്റ് തുറന്നു നൽകാൻ പോലും തയ്യാറായില്ലെന്ന് കുടുംബം പറയുന്നു. എന്നാൽ രോഗിയുടെ നില മോശമായതിനാലാണ് മെഡിക്കൽ കോളേജിലേക്ക് അയച്ചതെന്നായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മരണപ്പെട്ട ബിസ്മിർ ആശുപത്രിയിൽ ഏറെ അസ്വസ്ഥനായി നിൽക്കുന്നത് ദൃശ്യങ്ങളിൽ കാണാനാകും.