കുന്ദമംഗലം: ദേശീയപാതയിൽ കുന്ദമംഗലം പതിമംഗലം മുറിയനാൽ ഭാഗത്ത് പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ച് മൂന്നു മരണം. പിക്കപ്പ് വാന്‍ ഡ്രൈവറും രണ്ട് കാര്‍ യാത്രക്കാരുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. പിക്കപ്പ് വാനിന്റെ ക്ലീനർ ഉൾപ്പെടെ രണ്ടു പേർക്ക് പരിക്കേറ്റു. ചുരമിറങ്ങി കുന്ദമംഗലത്തേക്ക് വന്ന പിക്കപ്പ് വാനും കൊടുവള്ളിയിലേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.
കാറിൽ ഉണ്ടായിരുന്ന പുതുപ്പാടി പെരുമ്പള്ളി സ്വദേശി സുബിക്കി (27), കൊടുവള്ളി വാവാട് ഇരുമോത്ത് മണ്ടാട്ട് ഹൗസിൽ നിഹാൽ (27), പിക്കപ്പ് വാൻ ഓടിച്ച വയനാട് മരക്കത്തൊടി പൊഴുതന ഷമീർ(33) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ പൊഴുതന ഷഫീക്കിന്റെ (43) നില ഗുരുതരമാണ്. പരുക്കേറ്റ രണ്ടു പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടായ പതിമംഗലം അങ്ങാടിയിലെ മുറിയനാൽ ഭാഗം സ്ഥിരം അപകടമേഖലയാണ്.
കാറും പിക്കപ്പ് വാനും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് വെളളിമാടുക്കുന്നിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം യാത്രക്കാരെ പുറത്തെടുത്തത്. പിക്കപ്പ് വാനിന്റെ മുൻഭാഗവും കാറിന്റെ ഇടതുഭാഗവും പൂർണമായും തകർന്ന നിലയിലാണ്. കാർ യാത്രികരായ രണ്ടു പേരും സംഭവസ്ഥലത്തു വെച്ചും പിക്കപ്പ് വാൻ ഡ്രൈവർ ആശുപത്രിയിലേക്കുളള യാത്രയ്ക്കിടയിലുമാണ് മരിച്ചത്. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.