Trending

രാജ്യത്ത് വില്‍ക്കുന്ന മുട്ടകളില്‍ നിരോധിത ആന്റിബയോട്ടിക് ആശങ്ക; പരിശോധനയ്ക്ക് FSSAI നിര്‍ദ്ദേശം.


ന്യൂഡൽഹി: രാജ്യത്ത് വില്‍ക്കുന്ന മുട്ടയുടെ സാമ്പിളുകള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റിഓഫ് ഇന്ത്യ (FSSAI). വില്‍പ്പനയ്‌ക്കെത്തിക്കുന്ന മുട്ടകളില്‍ നിട്രോഫ്യൂറന്‍സ് (Nitrofurans) ഉള്‍പ്പെടെയുള്ള നിരോധിത ആന്റിബയോട്ടിക്കുകള്‍ ഉണ്ടാവാം എന്ന ആശങ്കകളെ തുടര്‍ന്നാണ് ഈ നീക്കം. 

ബ്രാന്‍ഡിന് കീഴിലുള്ളതോ അല്ലാത്തതോ ആയ മുട്ടകളുടെ സാമ്പിളുകള്‍ ശേഖരിച്ച് രാജ്യത്തുടനീളമുള്ള 10 ലബോറട്ടറികളിലേക്ക് പരിശോധനയ്ക്കായി അയക്കാന്‍ അതോറിറ്റി റീജിയണല്‍ ഓഫീസുകള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. എഗ്ഗോസ് എന്ന ബ്രാന്‍ഡ് വിതരണം ചെയ്യുന്ന മുട്ടകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഇത് മുട്ട ഉത്പാദനത്തിലെ ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തെപ്പറ്റിയുള്ള വ്യാപകമായ പരിശോധനയ്ക്ക് കാരണമായി. ഈ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് FSSAI-യുടെ നടപടി. 

എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ എഗ്ഗോസ് നിഷേധിച്ചു. 'എഗ്ഗോസ് മുട്ട സാമ്പിളുകളുടെ ഏറ്റവും പുതിയ ലാബ് റിപ്പോര്‍ട്ടുകള്‍ ലഭ്യമാണ്. എല്ലാവര്‍ക്കും പരിശോധിക്കാനായി അവ ‘www.eggoz.com’ എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളുടെ സുരക്ഷയും വിശ്വാസവും ഞങ്ങള്‍ക്ക് ഏറ്റവും പ്രധാനമാണ്. നിങ്ങളുടെ ക്ഷമയ്ക്കും വസ്തുതകള്‍ വ്യക്തമാക്കാന്‍ അവസരം നല്‍കിയതിനും നന്ദി. ഞങ്ങളുടെ ഫാമുകളിലും പ്രക്രിയകളിലും ഉടനീളം ഏറ്റവും ഉയര്‍ന്ന നിലവാരം ഞങ്ങള്‍ തുടര്‍ന്നും പുലര്‍ത്തും', പൊതു പ്രസ്താവനയില്‍ കമ്പനി അറിയിച്ചു. 

മുട്ടകളില്‍ ആന്റിബയോട്ടിക്കുകള്‍, നിരോധിത പദാര്‍ത്ഥങ്ങള്‍, കീടനാശിനികള്‍ എന്നിവയില്ലെന്നും 25-ല്‍ അധികം കീടനാശിനികള്‍ക്കായി പരിശോധന നടത്തിയെന്നും, അവയെല്ലാം ക്വാണ്ടിഫിക്കേഷന്‍ പരിധിക്ക് താഴെ (BLQ) ആണെന്ന് കണ്ടെത്തിയതായും കമ്പനി വ്യക്തമാക്കിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ സംസ്ഥാനത്ത് ലഭ്യമായ മുട്ട സാമ്പിളുകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ് വിവരം.

എന്താണ് നിട്രോഫ്യൂറന്‍സ്?
കൃത്രിമ ആന്റിബയോട്ടിക്കുകളുടെ ഒരു ഗ്രൂപ്പാണ് നിട്രോഫ്യൂറാന്‍സ്. ഇവ ഭക്ഷ്യയോഗ്യമായ പക്ഷിമൃഗാദികളിലെ ബാക്ടീരിയല്‍ അണുബാധ ചികിത്സിക്കാന്‍ ഉപയോഗിച്ചിരുന്നു. മനുഷ്യരില്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്ന പഠനങ്ങള്‍ വന്നതോടെ ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലും ഇവ നിരോധിച്ചിരിക്കുകയാണ്.

നിരോധനം നിലവിലുണ്ടെങ്കിലും നിയമവിരുദ്ധമായി, രോഗം തടയുന്നതിനോ വേഗത്തില്‍ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനോ നിട്രോഫ്യൂറന്‍സ് ഉപയോഗിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. മരുന്ന് നല്‍കുന്നത് നിര്‍ത്തിക്കഴിഞ്ഞാലും അവയുടെ സാന്നിധ്യം മുട്ടയിലും മാംസത്തിലും നിലനിന്നേക്കാം. ഇത് അപകടമാണ്.

മുട്ടകളിലെ നിരോധിത ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ആരോഗ്യത്തെ എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.
ഈ പദാര്‍ത്ഥങ്ങള്‍ക്ക് ഡിഎന്‍എയെ ദോഷകരമായി ബാധിക്കാന്‍ കഴിയുമെന്നും ദീര്‍ഘകാല ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നിട്രോഫ്യൂറന്‍ അടങ്ങിയ ഭക്ഷണം പതിവായി കഴിക്കുന്നത് കാലക്രമേണ കരള്‍ അടക്കമുള്ള അവയവങ്ങള്‍ക്ക് പ്രശ്‌നമുണ്ടാക്കും. കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികള്‍ എന്നിവരെ ഇത് പെട്ടെന്ന് തന്നെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്.

Post a Comment

Previous Post Next Post