കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയി. ശൗചാലയത്തിൻ്റെ ചുമർ തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ടാമത്തെ തവണയാണ് പ്രതി കുതിരവട്ടത്തു നിന്ന് രക്ഷപ്പെടുന്നത്.
രണ്ടാഴ്ച മുമ്പാണ് വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം 9 മണി വരെ പ്രതി മുറിയിലുണ്ടായിരുന്നതായാണ് വിവരം. ഓരോ മണിക്കൂറിലും ഇവിടെ പതിവ് പരിശോധനയുള്ളതാണ്. എന്നാൽ, 11 മണിക്ക് പരിശോധനക്കായി എത്തിയപ്പോഴാണ് വിനീഷ് ചാടിപ്പോയതായി കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. നിലവിൽ സിസിടിവി ദൃശ്യങ്ങളടക്കം കേന്ദ്രീകരിച്ച് പൊലീസിന്റെ തിരച്ചിൽ തുടരുകയാണ്.
2021-ലാണ് പ്രണയാഭ്യർത്ഥന നിരസിച്ചതിന് പെരിന്തൽമണ്ണ സ്വദേശിനിയായ ദൃശ്യ(21)യെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. ദൃശ്യയുടെ പിതാവിന്റെ വ്യാപാര സ്ഥാപനത്തിന് തീയിട്ടശേഷമാണ് വീട്ടിൽ അതിക്രമിച്ചുകയറി പ്രതി പെൺകുട്ടിയെ കുത്തിവീഴ്ത്തുകയായിരുന്നു.
റിമാൻഡിലായ വിനീഷിനെ കണ്ണൂർ സെൻട്രൽ ജയിലിലാണ് പാർപ്പിച്ചിരുന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് 2022-ൽ വിനീഷിനെ കുതിരവട്ടം മാനസികാരോഗ്യ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. അന്ന് അവിടെ വെച്ച് പ്രതി ചാടിപ്പോയെങ്കിലും പിന്നീട് പൊലീസിന്റെ പിടിയിലായി. അതിനിടെ കൊതുകുതിരി കഴിച്ച് ജീവനൊടുക്കാനും ശ്രമവുമുണ്ടായി.
കഴിഞ്ഞ പത്താം തീയതിയാണ് വിനീഷിനെ വീണ്ടും കുതിരവട്ടത്ത് പ്രവേശിപ്പിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായ വിനീഷിനെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനാലാണ് വീണ്ടും കുതിരവട്ടത്തെ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നത്.