കൊച്ചി: കൊച്ചിയിൽ സാൻവിച്ചിൽ ചിക്കൻ കുറഞ്ഞുപോയതിനെ ചൊല്ലി ചിക്കിംഗ് ഔട്ട്ലെറ്റിൽ സംഘർഷം. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികളും ചിക്കിംഗ് മാനേജരും തമ്മിലായിരുന്നു വാക്ക് തർക്കം. വാക്കുതർക്കത്തിനൊടുവിൽ മാനേജർ കത്തിയുമായി പാഞ്ഞടുത്ത് ആക്രമിക്കാൻ വന്നുവെന്നാണ് വിദ്യാർത്ഥികളുടെ പരാതി. സംഭവത്തിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മാനേജർ കത്തിയെടുത്തതോടെ വിദ്യാർത്ഥികൾ സഹോദരങ്ങളെ വിളിച്ചു വരുത്തുകയായിരുന്നു. കൊച്ചിയിൽ നടക്കുന്ന സെൻട്രൽ സ്പോർട്സ് മീറ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു വിദ്യാർത്ഥികൾ. വിദ്യാർത്ഥികളെ കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ മാനേജർക്കെതിരെയും മാനേജരെ കയ്യേറ്റം ചെയ്തുവെന്ന പരാതിയിൽ വിദ്യാർത്ഥികളുടെ സഹോദരന്മാർക്കെതിരെയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തു.
സ്ഥാപനത്തിലെത്തിയ പ്ലസ്‌വൺ വിദ്യാർത്ഥികളാണ് സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന ആരോപണമുന്നയിച്ചത്. തുടർന്ന് ഇവർ ജീവനക്കാരോടും മാനേജരോടും പരാതിപ്പെട്ടു. എന്നാൽ, ഇതിനിടെ, മാനേജർ അടുക്കളയിൽ നിന്ന് കത്തിയെടുത്ത് പുറത്തിറങ്ങിയെന്നും കത്തിവീശി തങ്ങളെ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. ഇതോടെ വിദ്യാർത്ഥികൾ സഹോദരങ്ങളെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ഇവരും മാനേജരും തമ്മിൽ കൈയാങ്കളിയുണ്ടായി.