നന്മണ്ട: നന്മണ്ട ഗ്രാമപ്പഞ്ചായത്തിലെ കുന്നത്തെരു റോഡിൽ യാത്ര ദുഷ്കരമാകുന്നു. ടാറിങ് നടക്കാത്ത റോഡിലെ മെറ്റലുകൾ പാടെ ഇളകിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ ഇവിടെ തെന്നിവീഴുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. ബാലുശ്ശേരിക്കാർക്ക് വളരെ എളുപ്പത്തിൽ നന്മണ്ടയിൽ എത്തിപ്പെടാൻ കഴിയുന്ന പാതകൂടിയാണിത്. കൂടാതെ ബാലുശ്ശേരിയിലെ ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാനായി ഇരുചക്ര വാഹനക്കാരും കാർ യാത്രക്കാരുമെല്ലാം ഈ എളുപ്പവഴിയിലൂടെ കടന്നാണ് നന്മണ്ടയിലെത്തുന്നത്.
വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാരുടെ ദേഹത്തേക്ക് മെറ്റലുകൾ തെറിച്ചുവീഴുന്നതായി യാത്രക്കാർ പറയുന്നു. റോഡ് തകർന്ന ഭാഗം ഉടൻ റീ ടാറിങ് പൂർത്തിയാക്കണമെന്നും പ്രവൃത്തി തുടങ്ങുന്നതുവരെ വാഹനഗതാഗതം നിരോധിക്കാനും പ്രദേശവാസികൾ ആവശ്യപ്പെട്ടു. തനത് ഫണ്ടായ 20 ലക്ഷം രൂപയാണ് ഗ്രാമപ്പഞ്ചായത്ത് റീ-ടാറിങ് പ്രവൃത്തിക്കും കോൺക്രീറ്റിനുമായി നീക്കിവെച്ചിരുന്നത്. കുന്നത്തെരു റോഡ് ആരംഭിക്കുന്ന ചെമ്പടിച്ച അമ്പലത്തിന്റെ മുൻഭാഗം കുറച്ച് കോൺക്രീറ്റ് ചെയ്തപ്പോൾ മഴ പെയ്തു തുടങ്ങിയതാണ് പ്രവൃത്തി നിലയ്ക്കാൻ കാരണമായതെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഉടനെ പ്രവൃത്തി ആരംഭിക്കുമെന്നും പറഞ്ഞു.