മുക്കം: പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന ടാറ്റാ നാനോ കാറിന് തീപിടിച്ചു. മുക്കത്ത് കെഎംസിടി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഫയർ ആൻഡ് റെസ്ക്യൂ ജീവനക്കാരും മുക്കം അഗ്നിരക്ഷാസേനയും ചേർന്ന് തീയണച്ചു. ആളപായമില്ല.
വ്യാഴം ഉച്ചയോടെയാണ് സംഭവം. തീ കത്തുന്നത് ആശുപത്രി ജീവനക്കാരാണ് ആദ്യം കണ്ടത്. നാനോ കാറിന് സമീപത്തുണ്ടായിരുന്ന സ്വിഫ്റ്റ് കാറിനും ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ കൃത്യമായ ഇടപെടലിൽ മറ്റു വാഹനങ്ങളിലേക്ക് തീ പടരുന്നതും മറ്റു അപകടങ്ങളും ഒഴിവാക്കാനായി.