കോഴിക്കോട്: തനിക്കെതിരേ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോളുകൾക്ക് മറുപടിയുമായി എ.എ റഹീം എംപി. ബംഗളൂരുവിൽ കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലം സന്ദർശിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ പരാമർശിച്ചാണ് റഹീം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേയുള്ളൂ എന്നും ഭരണകൂട ഭീകരതയുടെ നേർക്കാഴ്ചകൾ തേടിയാണ് അവിടേയ്ക്ക് ചെന്നതെന്ന് റഹീം പറഞ്ഞു.
ബംഗളൂരൂവിലെ ഫക്കീർ കോളനിയിലും വസിം ലേ ഔട്ടിലും ഇരുനൂറിലേറെ വീടുകൾ ഇടിച്ചുനിരത്തിയ കർണാടക സർക്കാരിന്റെ നടപടിക്കെതിരേ എ.എ റഹീം പ്രതിഷേധിക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ചുള്ള മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തോടുള്ള റഹീമിന്‍റെ പ്രതികരണമാണ് ചിലർ സോഷ്യൽ മീഡിയയിലൂടെ ട്രോളിന് വിധേയമാക്കിയത്.
എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചു നോക്കുമ്പോൾ, നിങ്ങളുടെ സർക്കാർ പറഞ്ഞയച്ച ബുൾഡോസറുകൾ തകർത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും കാണാതെ പോകരുതെന്നും റഹീം പറയുന്നു. എന്റെ ഭാഷയെ ട്രോളുന്ന തിരക്കിൽ ആ ദുർബലരായ മനുഷ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ രക്ഷപ്പെടാൻ ശ്രമിക്കരുതെന്നും എ.എ റഹീം എംപി വ്യക്തമാക്കുന്നു. പ്രചരിക്കുന്ന ദൃശ്യത്തിന്‍റെ ബാക്കി ഭാഗങ്ങളടങ്ങുന്ന വീഡിയോയും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു.