Trending

ജല മോഷണം തടയാന്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ച് വാട്ടർ അതോറിറ്റി.


കോഴിക്കോട്: കേരള വാട്ടര്‍ അതോറിറ്റി കോഴിക്കോട് ഡിവിഷന് കീഴിലുള്ള കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍, തിരുവമ്പാടി, മടവൂര്‍, താമരശ്ശേരി, ഓമശ്ശേരി, കൊടിയത്തൂര്‍, കുരുവട്ടൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം, ചാത്തമംഗലം, കോടഞ്ചേരി, കടലുണ്ടി, കട്ടിപ്പാറ, കൊടുവള്ളി, മുക്കം, രാമനാട്ടുകര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ അനധികൃത ജലമോഷണം തടയാന്‍ ആന്റി തെഫ്റ്റ് സ്‌ക്വാഡ് രൂപീകരിച്ചു. 

മീറ്റര്‍ ഘടിപ്പിക്കാതെ ലൈനില്‍നിന്ന് വെള്ളം ഉപയോഗിക്കല്‍, മീറ്ററിന് മുമ്പായി പൈപ്പ്‌ലൈന്‍ ഘടിപ്പിച്ച് വെള്ളം ഉപയോഗിക്കല്‍, മീറ്ററില്‍ കൃത്രിമം കാണിക്കല്‍, വിച്ഛേദിച്ച കണക്ഷനില്‍ നിന്ന് അനധികൃതമായി വെള്ളം ഉപയോഗിക്കല്‍, അനുമതിയില്ലാതെ മീറ്റര്‍ മാറ്റി സ്ഥാപിക്കുകയോ തിരിച്ചു സ്ഥാപിക്കുകയോ ചെയ്യല്‍, മോട്ടോറോ ഹോസോ ഉപയോഗിച്ച് ലൈനില്‍നിന്ന് വെള്ളം നേരിട്ട് ഉപയോഗിക്കല്‍, ഒരു വീട്ടില്‍നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് വെള്ളം ഉപയോഗിക്കല്‍, പൊതു ടാപ്പില്‍ നിന്ന് വെള്ളം ദുരുപയോഗം ചെയ്യല്‍ എന്നീ കുറ്റകൃത്യങ്ങള്‍ തടയാനാണ് സ്‌ക്വാഡ് രൂപീകരിച്ചത്. 

പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ജലമോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ 0495-2370095, 9188525742 നമ്പറുകളിലോ 1916 എന്ന ടോള്‍ഫ്രീ നമ്പറിലോ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നൽകാം. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

Post a Comment

Previous Post Next Post