കോഴിക്കോട്: കോഴിക്കോട് മൂന്നാലിങ്കലിൽ പിതാവ് മകനെ കുത്തിപ്പരിക്കേൽപ്പിച്ചു. ലഹരിക്കടിമയായ മകൻ ആക്രമിച്ചതിനെ തുടർന്നാണ് കുത്തിയതെന്നാണ് പിതാവിന്‍റെ മൊഴി. പരിക്ക് സാരമുള്ളതല്ല. മൂന്നാലിങ്കൽ ജംഗ്ഷന് സമീപം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്ത് എന്ന യുവാവിനാണ് കുത്തേറ്റത്. പിതാവ് അബൂബക്കർ സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മജ് ജാബിറിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ലഹരിക്കടിമയായ മകൻ യാസിൻ ആക്രമിക്കാൻ എത്തിയപ്പോൾ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി കുത്തിയതാണെന്നാണ് പിതാവിന്‍റെ മൊഴി. മകൻ നിരന്തരം പ്രശ്നമുണ്ടാക്കുന്നതിനെതിരെ പിതാവ് നേരത്തെ പോലീസിനെ സമീപിച്ചിരുന്നു. കുത്തേറ്റ യാസിർ റാഫത്ത് നിരന്തര ശല്യക്കാരനായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. അബൂബക്കർ സിദ്ദീഖ് കോഴിക്കോട് ബീച്ചിന് സമീപം തട്ടുകട നടത്തുന്ന ആളാണ്. യാസിൻ അറാഫത്തിന്‍റെ വയറിനാണ് കുത്തേറ്റതെങ്കിലും പരിക്ക് സാരമുള്ളതല്ല. യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.