നടുവണ്ണൂർ: നടുവണ്ണൂരിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിക്ക് മർദ്ദനം. നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ ഒൻപതാം വാർഡിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർത്ഥി എം.കെ സിറാജിനാണ് മർദ്ദനമേറ്റത്. രണ്ടുപേർ ചേർന്ന് മർദ്ദിച്ചെന്നാണ് സിറാജ് ബാലുശ്ശേരി പോലീസിൽ നൽകിയ പരാതി.
സിറാജ് നേരെത്തെ മുസ്ലീം ലീഗിൻ്റെ സജീവ പ്രവർത്തകനായിരുന്നു. എന്നാൽ യുഡിഎഫ് ഇദ്ദേഹത്തെ സ്ഥാനാർത്ഥി ആക്കിയിരുന്നില്ല. ഇതേ തുടർന്ന് ഇദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഇറങ്ങുകയും പ്രചരണവുമായി മുന്നോട്ട് പോവുകയുമായിരുന്നു.
ഇന്ന് സന്ധ്യയോടെ ഇദ്ദേഹം സുഹൃത്തിൻ്റെ വീട്ടിൽ നിന്നും മടങ്ങുന്നതിനിടെയാണ് രണ്ടുപേർ ചേർന്ന് മർദ്ദിച്ചത്. ഷർട്ട് വലിച്ചു കീറുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. പരിക്കേറ്റ സിറാജിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.