Trending

കടയിലേക്കെന്ന് പറഞ്ഞ് ഇറങ്ങി, പിന്നെ ആരും കണ്ടില്ല; 19കാരിയുടെ തലയിൽ ആഴത്തിലുള്ള മുറിവ്; കൊലപാതകം?


കൊച്ചി: മലയാറ്റൂരിൽ രണ്ടു ദിവസം മുമ്പ് കാണാതായ 19കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് സംശയം. മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പിൽ ഷൈജു-ഷിനി ദമ്പതികളുടെ മകൾ ചിത്രപ്രിയ (19)യെയാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജീർണിച്ചു തുടങ്ങിയ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 

ചിത്രപ്രിയയുടെ തലയ്ക്കു പിന്നിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇതൊരു കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകൂ. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേർ പോലീസ് കസ്റ്റഡിയിലുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണിൽ സംസാരിച്ചവരാണ് ഇരുവരും. 

ബെംഗളരുവിൽ ഏവിയേഷന്‍ ബിരുദ വിദ്യാർത്ഥിയായ ചിത്രപ്രിയയെ ശനിയാഴ്ച മുതലാണ് കാണാതായത്. അടുത്തുള്ള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടി പിന്നീട് തിരിച്ചു വന്നില്ല. തുടർന്ന് വീട്ടുകാർ കാലടി പോലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെയാണ് പറമ്പിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്ന നാട്ടുകാരുടെ അറിയിപ്പിനെ തുടർന്ന് പോലീസ് പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും. മലയാറ്റൂർ മണപ്പാട്ട് ചിറയ്ക്ക് സമീപത്തെ സെബിയൂർ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കാണപ്പെട്ടത്.

Post a Comment

Previous Post Next Post