ഉള്ളിയേരി: ഉള്ളിയേരി ബസ് സ്റ്റാൻഡിലെ വിശ്രമകേന്ദ്രത്തിന് മുകളിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനെതിരെ പരാതി. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ബോർഡ് സ്ഥാപിക്കാൻ നീക്കം നടക്കുന്നതെന്നാണ് പരാതി. ഏകദേശം 15 മീറ്റർ ഉയരത്തിലും 15 മീറ്റർ വീതിയിലുമാണ് പരസ്യബോർഡ് സ്ഥാപിക്കുന്നത്. കാത്തിരിപ്പ് കെട്ടിടത്തിന് ഇത്രയും വലിയ ബോർഡ് താങ്ങാനുള്ള ബലം കുറവാണെന്ന കാര്യവും നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു
കാത്തിരിപ്പു കേന്ദ്രത്തിലും പുറത്തുമായി ഒട്ടനവധി സ്ത്രീകളും സ്കൂൾ വിദ്യാർത്ഥികളും ബസ്സ് കാത്തിരിക്കുന്ന സമയത്ത് പ്രത്യേകിച്ച് ശക്തമായ മഴയിലും കാറ്റിലും ഈ പടുകൂറ്റൻ ബോർഡ് നിലം പൊത്താൻ സാധ്യത കൂടുതലാണെന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. അതേ സമയം പരാതിയെ തുടർന്ന് തൽക്കാലം ബോർഡ് സ്ഥാപിക്കുന്നത് നിർത്തി വെക്കാൻ പഞ്ചായത്ത് സെക്രട്ടറി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.