Trending

അഞ്ചാം ക്ലാസ് വിദ്യാർത്ഥിക്ക് അദ്ധ്യാപകൻ്റെ ക്രൂരമർദ്ദനം; തോളെല്ലിന് പൊട്ടൽ, കേസെടുത്ത് പോലീസ്.


കോട്ടയം: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. ഈരാറ്റുപേട്ടയിലെ സ്വകാര്യ മാനേജ്‌മെന്റ് സ്കൂളിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മിസ്ബാഹിനാണ് മർദ്ദനമേറ്റത്. ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞതിൽ പ്രകോപിതനായാണ് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതെന്ന് പരാതിയിൽ പറയുന്നു. മർദ്ദനത്തിൽ തോളെല്ല് പൊട്ടി വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഈരാറ്റുപേട്ട പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സക്കീർ-ഷക്കീല ദമ്പതികളുടെ മകനാണ് മിസ്ബാഹ്.

വ്യാഴാഴ്ച പരീക്ഷയ്ക്കിടെ ചോദിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല എന്നാരോപിച്ച് സോഷ്യൽ സയൻസ് അധ്യാപകൻ സന്തോഷ് കുട്ടിയെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. മർദ്ദനത്തെ തുടർന്നാണോ കൈയ്ക്ക് ഒടിവ് സംഭവിച്ചത് എന്നതടക്കമുള്ള കാര്യങ്ങൾ സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു. താൻ കുട്ടിയെ മർദ്ദിച്ചതായി അദ്ധ്യാപകൻ ഫോണിലൂടെ സമ്മതിച്ചതായി രക്ഷിതാക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അദ്ധ്യാപകനെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് പോലീസിൻ്റെ തീരുമാനം.

അദ്ധ്യാപകനെതിരെ കർശ്ശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സ്കൂൾ സെക്രട്ടറി മുഹമ്മദ് ഹാഷിം അറിയിച്ചു. സ്കൂൾ അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മർദ്ദനം നടന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. പിടിഎ യോഗം ചേർന്നതിന് ശേഷം അധ്യാപകനെ സസ്പെൻഡ് ചെയ്യുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും, അന്വേഷണത്തിന് ശേഷം സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

Previous Post Next Post