Trending

കോടഞ്ചേരിയിൽ യുവതിക്ക് നേരെ യുവാവിൻ്റെ ക്രൂരത; ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു.


കോടഞ്ചേരി: കോടഞ്ചേരിയിൽ ഒന്നിച്ചു കഴിയുന്ന യുവതിയെ യുവാവ് ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ദേഹമാസകലം പൊള്ളിച്ചു. മയക്കുമരുന്നിന് അടിമയായ യുവാവ് എട്ടുമാസം ഗർഭിണിയായ യുവതിയെ നാലു ദിവസമായി വീട്ടിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഇവർക്ക് ദിവസങ്ങളായി ഭക്ഷണം പോലും നൽകിയിരുന്നില്ല. യുവാവിൻ്റെ മാതാവിനെ ഒരാഴ്ച മുമ്പ് വീട്ടിൽ നിന്നും ഇറക്കിവിട്ടിരുന്നു. മാതാവ് മകൾക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്.

എംഡിഎംഎ വിൽപ്പനക്കാരനും അത് ഉപയോഗിക്കുന്ന ആളുമാണ് യുവാവ്. ഒരു വർഷം മുമ്പാണ് കോടഞ്ചേരി പെരുവില്ലി സ്വദേശിയായ ഷാഹിദ് റഹ്മാൻ്റെ കൂടെ പ്രണയിച്ച് വീട്ടിൽ നിന്നും യുവതി ഇറങ്ങി തിരിച്ചത്. ആറു മാസത്തോളമായി ഉപദ്രവം തുടരുന്നു. ഇന്നലെ മറ്റൊരു പരാതിയിൽ കോടഞ്ചേരി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ കൊണ്ടുപോയിരുന്നെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന മറ്റൊരാളുടെ പരാതിയിലായിരുന്നു കസ്റ്റഡിയിൽ എടുത്തത്.

പിന്നീട് വീട്ടിലെത്തിയാണ് സംശയ രോഗിയായ യുവാവ് യുവതിയെ ദേഹമാസകലം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവാവ് പുറത്തുപോയ അവസരത്തിൽ വാതിൽ തുറന്ന് പുറത്തേയ്ക്കു ഓടി സമീപവാസികളുടെ സഹായത്തോടെയാണ് യുവതി ആശുപത്രിയിൽ എത്തിയത്.

Post a Comment

Previous Post Next Post