തിരുവനന്തപുരം: ഇലക്ട്രിക്കല്‍ ബി-ക്ലാസ് കോണ്‍ട്രാക്ടര്‍ ലൈസന്‍സ് അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് വിജിലന്‍സ് പിടിയില്‍. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ജൂനിയര്‍ സൂപ്രണ്ട് മഞ്ചിമ പി.രാജുവാണ് തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് കണ്ണൂര്‍ വിജിലന്‍സ് സംഘത്തിന്‍റെ പിടിയിലായത്. കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയിലാണ് നടപടി.
കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശിയായ പരാതിക്കാരൻ ഇലക്ട്രിക്കൽ സൂപ്പർവൈസറായി ജോലി നോക്കുന്നതിന് ബി-ക്ലാസ് ഇലക്ട്രിക്കൽ കോൺട്രാക്ടർ ലൈസൻസിനായി 2025 ഡിസംബർ 10ന് കേരളാ സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസിങ് ബോർഡിൽ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ചിരുന്നു. ഈ അപേക്ഷയിൽ തുടർനടപടികൾ സ്വീകരിക്കേണ്ട തിരുവനന്തപുരം ഇലക്ട്രിക്കൽ ഇൻസ്പെക്‌ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ മഞ്ചിമ പി.രാജുവാണ് പരാതിക്കാരനെ ഫോണിൽ വിളിച്ച് 6,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്.
തുടർന്ന് വാട്സാപ്പ് ചാറ്റ് വഴി 24ന് രാവിലെ തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ വെച്ച് പണം നൽകണമെന്ന് മഞ്ചിമ അറിയിച്ചു. പിന്നാലെ പറശിനിക്കടവ് സ്വദേശി കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ഇന്ന് തലശ്ശേരി റെയില്‍വേ സ്‌റ്റേഷനില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും 6,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മഞ്ചിമ പി.രാജുവിനെ വിജിലന്‍സ് കൈയ്യോടെ പിടികൂടിയത്. പ്രതിയെ തലശ്ശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
56 ട്രാപ്പ് കേസുകളിൽ നിന്നായി ഉദ്യോഗസ്ഥരും ഇടനിലക്കാരും ഉൾപ്പെടെ 75 പ്രതികളെയാണ് വിജിലൻസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. ഇതിൽ 19 കേസുകളുള്ള റവന്യു വകുപ്പും, 12 കേസുകളുള്ള തദ്ദേശ സ്വയംഭരണ വകുപ്പും, 6 കേസുകളുള്ള പോലീസ് വകുപ്പുമാണ് കേസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. വിദ്യാഭ്യാസ വകുപ്പിലും, കെഎസ്ഇബിയിലും 3 വീതം കേസുകളും മറ്റ് വിവിധ വകുപ്പുകളിലായി 13 ട്രാപ്പ് കേസുകളുമാണ് ഈ വർഷം വിജിലൻസ് ഇതുവരെ പിടിച്ചിട്ടുള്ളത്.