ന്യൂഡല്‍ഹി: ഡൽഹിയിൽ പതിനാലുകാരനെ സിഐഎസ്എഫ് ജവാൻ വെടിവച്ചു കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ ഷാഹ്ദരോണ്‍ പ്രദേശത്ത് വച്ചാണ് സാഹില്‍ അന്‍സാരിയെന്ന ബാലനെ മദന്‍ ഗോപാല്‍ തിവാരിയെന്ന ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നത്. തുടർന്ന് ഇയാളെ ഡൽഹി പോലീസ് അറസ്റ്റു ചെയ്തു.
പിതാവ് തളര്‍ന്നു കിടക്കുന്നതിനാല്‍ പ്രദേശത്തെ ഒരു ഗ്രോസറി കടയില്‍ സാഹില്‍ ജോലിക്ക് പോയിരുന്നു. ശനിയാഴ്ച ജോലി കഴിഞ്ഞുവരുമ്പോള്‍ ഒരു വിവാഹഘോഷ യാത്ര കടന്നുപോവുന്നത് കണ്ടു. കൂട്ടുകാരെ കണ്ടതോടെ സാഹിലും വിവാഹഘോഷയാത്രയുടെ ഭാഗമായി. ഘോഷയാത്ര ഓഡിറ്റോറിയത്തിന് അടുത്തെത്തിയപ്പോള്‍ ചിലര്‍ കറന്‍സികള്‍ വായുവിലേക്ക് എറിയാന്‍ തുടങ്ങി. ഇതുകണ്ട കുട്ടികള്‍ കറന്‍സികള്‍ ശേഖരിക്കാന്‍ തുടങ്ങി.
അപ്പോള്‍ ഒരാള്‍ വന്നു കുട്ടികളെ തടഞ്ഞു. മദന്‍ ഗോപാല്‍ തിവാരി സാഹിലിനെ കോളറില്‍ പിടിച്ചുപൊക്കി. ബാക്കി കുട്ടികള്‍ ഓടിപ്പോയി. മദന്‍ ഗോപാല്‍ തിവാരി സാഹിലിനെ ഏതാനും തവണ അടിച്ചു. ഇത് സാഹില്‍ ചോദ്യം ചെയ്തതോടെ തോക്ക് എടുത്തു വെടിവയ്ക്കുകയായിരുന്നു. തലയ്ക്കാണ് വെടിവച്ചത്. ബഹളവും പരിക്കേറ്റ കുട്ടിയെയും കണ്ട ഒരു വഴിയാത്രക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. ഷഹ്ദാര ജില്ലാ പോലീസിൽ നിന്നുള്ള ഒരു സംഘം സ്ഥലത്തെത്തി ഹെഡ്‌ഗേവാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കാൺപൂരിൽ ജോലി ചെയ്യുന്ന മദൻ ഗോപാൽ തിവാരി ഡൽഹിയിലെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതാണ്. കൊലപാതകക്കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ഒരു പിസ്റ്റൾ കണ്ടെടുത്തതായും ഡിസിപി (ഷഹദാര) പ്രശാന്ത് ഗൗതം പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ടെന്നും കൂടുതൽ നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ദേഷ്യം നിയന്ത്രിക്കാന്‍ കഴിയാത്ത പ്രശ്‌നം മദന്‍ ഗോപാല്‍ തിവാരിക്കുണ്ടെന്ന് പോലിസ് പറയുന്നു. വാപ്പ വയ്യാതെ കിടക്കുന്നതിനാലാണ് സാഹിലിനെ ജോലി ചെയ്യാൻ വിടേണ്ടി വന്നതെന്ന് മാതാവ് നിഷ പറഞ്ഞു. ദിവസം പതിനൊന്ന് മണിക്കൂറാണ് സാഹില്‍ ജോലി ചെയ്തിരുന്നതെന്നും 6000 രൂപയാണ് മാസം ലഭിച്ചിരുന്നതെന്നും അവര്‍ പറഞ്ഞു.