കോഴിക്കോട്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ), സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
പ്രചാരണത്തിന് ഉപയോഗിക്കുന്ന Ai, അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും Ai Generated അല്ലെങ്കിൽ Synthetic Content അല്ലെങ്കിൽ Digitally Enhanced എന്നീ ലേബലുകള്‍ വ്യക്തമായി ഉള്‍ക്കൊള്ളിക്കണം. വീഡിയോയില്‍ സ്‌ക്രീനിന് മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലെ ഭാഗത്തും ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ/സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.
പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതിനാല്‍ ഐടി ആക്റ്റ് 2000, ഐടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റച്ചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിന് ഉപയോഗിക്കല്‍, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കല്‍ എന്നിവ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും.
മറ്റു പൊതുതിരഞ്ഞെടുപ്പുകളില്‍ ബാധകമായിട്ടുള്ള ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ഐ.എ.എം.എ.ഐ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പിനും ബാധകമാണ്. എല്ലാ ഇന്റര്‍നെറ്റ് വെബ്‌സൈറ്റുകളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും 2000ത്തിലെ ഇന്‍ഫര്‍മേഷന്‍ ആക്ടിലെ വ്യവസ്ഥകളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിക്കണം. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കാന്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും കൃത്യമായി ശ്രദ്ധിക്കണം. മീഡിയ റിലേഷന്‍സ് കമ്മിറ്റിയോ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ നിയമപരമല്ലെന്ന് കണ്ടെത്തിയ ഉള്ളടക്കം സമൂഹമാധ്യമത്തില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാല്‍ അവ എത്രയും വേഗം നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും.
സോഷ്യൽ മീഡിയയിലെ പ്രചാരണ പരിപാടികള്‍ സൈബര്‍ പൊലീസ് വിഭാഗം നിരീക്ഷിക്കുന്നുണ്ട്. വ്യാജ കണ്ടന്റുകള്‍ കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ പൊലീസ് നിയമനടപടി സ്വീകരിക്കും. വ്യാജമായതോ ദോഷകരമായതോ അപകീര്‍ത്തികരമായതോ ആയ ഉള്ളടക്കങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കും. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ ഗ്രൂപ്പുകളുടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന കണ്ടന്റുകളെല്ലാം കമ്മീഷന്‍ സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിരീക്ഷിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ (കാര്‍ട്ടൂണുകളും ആക്ഷേപഹാസ്യ പരിപാടികളും അല്ലാത്തവ) തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റുന്നതും അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതും ഒഴിവാക്കുക. പാര്‍ട്ടികളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അവ നീക്കം ചെയ്യുകയും ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യും. വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതാത് പ്ലാറ്റ്‌ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും.
എ.ഐ ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും തയാറാക്കിയ തീയതി, നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കുകയും കമ്മീഷനോ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോ വരണാധികാരിയോ ആവശ്യപ്പെട്ടാല്‍ ഹാജരാക്കുകയും വേണം. നിയമവിരുദ്ധമായ കണ്ടന്റുകൾ നിർമ്മിക്കുന്നവർക്കും അവ പ്രചരിപ്പിക്കുന്നവർക്കും പ്രചരിപ്പിക്കുന്ന വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാർക്കുമെതിരെ നടപടിയുണ്ടാകുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സോഷ്യൽ മീഡിയ എന്നിവ ഉപയോഗിച്ചുള്ള പ്രചാരണങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ dio.prd@gmail.com ഇ-മെയില്‍ വഴിയും 0495 2370225 നമ്പറിലൂടെയും അറിയിക്കാം.