തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നൽകിയ അതിജീവിതതയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതിയാണ് അറസ്റ്റിലായി 16ാമത്തെ ദിവസം ജാമ്യം അനുവദിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നേരത്തെ രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.
പോലീസ് റിപ്പോർട്ട് പരിഗണിക്കുന്നതിനായി മാറ്റിവെച്ച ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കുകയായിരുന്നു. രാഹുൽ മമാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിൽ സാമൂഹിക മാധ്യമത്തിൽ വീഡിയോ പങ്കുവെച്ചന്നതിന്റെ പേരിലാണ് രാഹുൽ ഈശ്വറിനെതിരെ കേസെടുത്തത്. അറസ്റ്റിലായതിന് പിന്നാലെ രാഹുൽ നിരാഹര സമരമടക്കമുള്ള നടപടികളിലേക്ക് നീങ്ങിയതിനാൽ ചോദ്യം ചെയ്യാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് വീണ്ടും കസ്റ്റഡി ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. ഇതോടെ കോടതി ജാമ്യം നിഷേധിച്ചിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിയെക്കുറിച്ചുള്ള പോസ്റ്റുകൾ പിൻവലിക്കാമെന്ന് രാഹുൽ ഈശ്വർ കോടതിയിൽ പറഞ്ഞിരുന്നു. അതിജീവിതികൾക്കെതിരെ ഇനി പോസ്റ്റിടില്ലെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കിയിരുന്നു. ഇട്ട പോസ്റ്റുകളെല്ലാം പിൻവലിക്കുകയും ചെയ്തിരുന്നു. രാഹുൽ ഈശ്വറിനെക്കൂടാതെ കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ എന്നിവരടക്കം ആറുപേർക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീത്വത്തെ അപമാനിക്കൽ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളായിരുന്നു ഇവർക്കെതിരെ ചുമത്തിയത്.