Trending

പൂവാറൻതോട്, ഓളിക്കൽ ജലവൈദ്യുത പദ്ധതികൾ യാഥാർത്ഥ്യത്തിലേക്ക്.

തിരുവമ്പാടി: മലയോരത്ത് സംസ്ഥാന വൈദ്യുതി വകുപ്പിന്റെ രണ്ട് ചെറുകിട ജലവൈദ്യുത പദ്ധതികൾ കൂടി വരുന്നു. ഓളിക്കൽ, പൂവാറൻതോട് ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണപ്രവൃത്തികൾ അന്തിമഘട്ടത്തിലേക്ക്. ഇരുപദ്ധതികളുടെയും പവർഹൗസ്, പെൻസ്റ്റോക്ക് പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. ഇതൊഴികെ ബാക്കിയുളള പ്രവൃത്തികളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. അഞ്ചുമാസത്തിനകം പദ്ധതി യാഥാർത്ഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. പൊയിലിങ്ങാപ്പുഴയിലാണ് ഇരു പദ്ധതികളും.

അഞ്ച് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് ഓളിക്കൽ പദ്ധതി. 10.26 മില്ല്യൻ യൂണിറ്റാണ് വാർഷികോത്പാദനം ലക്ഷ്യമിടുന്നത്. തിരുവമ്പാടി പഞ്ചായത്തിലാണ് ഓളിക്കൽ പദ്ധതി. തൊട്ടരികെ കൂടരഞ്ഞി പഞ്ചായത്തിലാണ് പൂവാറൻതോട് പദ്ധതി. മൂന്ന് മെഗാവാട്ട് വൈദ്യുതോത്പാദനമാണ് ഇവിടെ ലക്ഷ്യമിടുന്നത്. 5.88 മില്ല്യൻ യൂണിറ്റാണ് വാർഷികോത്പാദനം പ്രതീക്ഷിക്കുന്നത്. 20.98 കോടി രൂപയാണ് ഓളിക്കൽ പദ്ധതിയുടെ സിവിൽ ജോലികളുടെ നിർമ്മാണച്ചെലവ്. പൂവാറൻതോട് പദ്ധതിയുടേത് 21.59 കോടി രൂപയും. പിജിസിസി പിഎൽ-ആര്യ കോൺ കൺസ്ട്രക്‌ഷൻ കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇലക്ടോ മെക്കാനിക്കൽ ജോലികൾ കിർലോസ്‌കർ ബ്രദേഴ്‌സാണ് കരാർ ഏറ്റെടുത്തത്. 2023-ൽ ആണ് നിർമ്മാണപ്രവൃത്തി ആരംഭിക്കുന്നത്. മൂന്നു വർഷമാണ് കരാർ കാലാവധി.

ചൈനീസ് സാങ്കേതിക സഹായത്തോടെ 22 വർഷം മുമ്പ് പൊയിലിങ്ങാപ്പുഴയിൽ പ്രവർത്തനം തുടങ്ങിയ ഉറുമി ഒന്നും രണ്ടും ഘട്ട ചെറുകിട ജലവൈദ്യുത പദ്ധതിയുടെ മുകളിലായാണ് രണ്ട് പദ്ധതികൾകൂടി വരുന്നത്. നിലവിൽ ഇവിടെ ഒന്നാംഘട്ടത്തിൽ 3.75 മെഗാവാട്ടും രണ്ടാംഘട്ടത്തിൽ 2.4 മെഗാവാട്ടും വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ട്. മലയോരത്ത് ഇരുവഴിഞ്ഞിപ്പുഴയിൽ മറിപ്പുഴയിൽ മറ്റൊരു പദ്ധതിക്കുകൂടി നേരത്തേ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും നിർമ്മാണപ്രവൃത്തികൾ ആരംഭിക്കാൻ കാലതാമസം നേരിടുകയാണ്. നിർമ്മാണത്തിലിരിക്കുന്ന ആനക്കാംപൊയിൽ-കളളാടി-മേപ്പാടി തുരങ്കപാതയുടെ സമീപത്തായുള്ള നിർദ്ദിഷ്ട പദ്ധതി അനിശ്ചിതാവസ്ഥയിലാണ്.

Post a Comment

Previous Post Next Post