കൊണ്ടോട്ടി: തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. ചെറുകാവ് പെരിയമ്പലത്ത് ഇന്നു വൈകീട്ട് 6.30 ഓടെയാണ് സംഭവം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (40) ആണു മരിച്ചത്. ഇർഷാദിന്റെ സ്കൂട്ടറിന് മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു.
യുഡിഎഫ് ആഹ്ലാദ പരിപാടിക്കിടെ ഈ പടക്കശേഖരത്തിലേക്കു തീ പടർന്നതാണു പൊട്ടിത്തെറിക്കാനുണ്ടായ കാരണമെന്നു പോലീസ് പറഞ്ഞു. സ്കൂട്ടറിൽ ഇരിക്കുകയായിരുന്ന ഇർഷാദിന് ഗുരുതരമായി പരുക്കേറ്റു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.