ബാലുശ്ശേരി: ബാലുശ്ശേരിയിൽ കാറിടിച്ച് ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ മുരളീധരൻ (60) യാത്രക്കാരിയായ യുവതി എന്നിവർക്കാണ് പരിക്കേറ്റത്. വട്ടോളി ബസാറിൽ നിന്ന് ചിന്ത്രമംഗലം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോയിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഇടിച്ചതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു.
ഞായറാഴ്ച രാവിലെ ആറരയോടെ ചിന്ത്രമംഗലത്തിന് അടുത്താണ് അപകടം സംഭവിച്ചത്. ഇടിച്ച കാർ നിർത്താതെ പോവുകയാണുണ്ടായത്. ഓടിക്കൂടിയ വഴിയാത്രക്കാരാണ് ഓട്ടോ ഉയർത്തി ഇരുവരെയും ഓട്ടോയിൽ നിന്ന് പുറത്തെടുത്തത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.