തിരുവനന്തപുരം: വാക്സിൻ എടുത്ത ശേഷവും പേവിഷബാധയേറ്റുള്ള മരണങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ വാക്സിൻ ഫലപ്രദമായോ എന്നറിയാനുള്ള ടെസ്റ്റ് വികസിപ്പിച്ചു. മനുഷ്യരുടെയും മൃഗങ്ങളുടെയും രക്തം പരിശോധിച്ച് വാക്‌സിൻ ഫലപ്രദമായോ എന്നറിയാനുള്ള സ്യൂഡോവൈറസ് ന്യൂട്രലൈസേഷൻ ടെസ്റ്റാണ് തിരുവനന്തപുരം തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചിരിക്കുന്നത്.
വാക്‌സിനെടുത്തവരിൽ ആന്റിബോഡിയുടെ സംരക്ഷണം എത്രയുണ്ടെന്ന് കണ്ടെത്താനുള്ള ഈ പരിശോധനയ്ക്ക് വെറും 500 രൂപ മാത്രമാണ് ചെലവ്. കേരളത്തിന് പുറത്ത് പരിശോധനാ ചെലവ് കൂടുതലാണ്. ബംഗളൂരുവിലടക്കം പരിശോധനയുണ്ടെങ്കിലും കേരളത്തിന് പ്രയോജനപ്പെട്ടിരുന്നില്ല. ഒരു മില്ലി രക്തത്തിൽ ആന്റിബോഡിയുടെ അളവ് 0.5 ഇന്റർ നാഷണൽ യൂണിറ്റോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ പേവിഷത്തെ പ്രതിരോധിക്കും. രണ്ട് ഡോസ് കഴിയുന്നതോടെ ശരീരത്തിൽ ആന്റിബോഡി രൂപപ്പെടും. ഇത് ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലരിൽ ശക്തമായിരിക്കും. മറ്റു ചിലരിൽ ദുർബലമായിരിക്കും. അത് ഉറപ്പാക്കാൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധന സഹായിക്കും. അതുവഴി മുഴുവൻ ഡോസ് എടുക്കണോ ബൂസ്റ്റർ ഡോസ് മതിയോയെന്ന് തീരുമാനിക്കാം.
ആന്റിബോഡി കൂടുതലുണ്ടെങ്കിൽ ബൂസ്റ്റർ ഡോസും വേണ്ടി വരില്ല. വാക്‌സിൻ എടുത്ത നായ കടിച്ചാൽ അതിന്റെ രക്തം പരിശോധിച്ച് പേവിഷ പ്രതിരോധവും തിരിച്ചറിയാം. വാക്‌സിനെ കുറിച്ചും നായയുടെ കടിയേറ്റാൽ ഉണ്ടാകുന്ന ആശങ്കകളും ഒഴിവാക്കുകയാണ് ഉദ്ദേശ്യം. വാക്‌സിൻ പാഴാക്കുന്നതും ഒഴിവാക്കാനാകും.
• നാലു ഡോസുള്ള പ്രതിരോധ വാക്‌സിന്റെ രണ്ട് ഡോസ് കഴിഞ്ഞ് ന്യൂട്രലൈസേഷൻ ടെസ്റ്റ് നടത്തണം.
• ആശുപത്രിയിൽ രക്തസാമ്പിൾ ശേഖരിച്ച് കുറിപ്പടി സഹിതം നേരിട്ട് കൊണ്ടുവന്നാലും സ്വീകരിക്കും.
• ഒരാഴ്ചയ്‌ക്കുള്ളിൽ ഫലം ലഭിക്കും. 96 സാമ്പിളുകൾ ഒരേസമയം പരിശോധിക്കാനുള്ള സൗകര്യമുണ്ട്.