കോഴിക്കോട്: യാത്രക്കാർ ഏറെയുണ്ടെങ്കിലും മലബാറിനോടുള്ള റെയിൽവേയുടെ അവഗണന തുടർക്കഥയാവുന്നു. ക്രിസ്മസ്-പുതുവത്സര സ്പെഷ്യൽ ട്രെയിനുകൾ 38 എണ്ണമാണ് ഇക്കുറി കേരളത്തിലേക്ക് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ എട്ടെണ്ണം മാത്രമേ കോഴിക്കോട് വഴി കടന്നുപോകുന്നുള്ളൂ. ഇതിൽത്തന്നെ രണ്ടെണ്ണം ഇൻഡിഗോ പ്രതിസന്ധിയുടെ സമയത്ത് തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേക്ക് അനുവദിച്ചതാണ്.
മംഗളൂരു ജങ്‌ഷൻ-തിരുവനന്തപുരം സെൻട്രൽ, ഹൈദരബാദ് ചെർളപ്പള്ളി-തിരുവനന്തപുരം എന്നീ റൂട്ടുകളിൽ രണ്ടു വണ്ടി വീതവും കുർള മുംബൈ-തിരുവനന്തപുരം സെൻട്രൽ വണ്ടിയും വഡോദര-കോട്ടയം വണ്ടിയും മാത്രമാണ് കോഴിക്കോട് വഴി കടന്നുപോകുന്ന മറ്റ് സ്പെഷ്യൽ ട്രെയിനുകൾ. ഓടിത്തുടങ്ങിയ വണ്ടികളിൽ തിരക്ക് ക്രമാതീതമാണ്. വണ്ടികൾ പ്രഖ്യാപിക്കാൻ വൈകിയതുമൂലം പലർക്കും ബുക്ക് ചെയ്യാനായില്ല.
അവധിക്കാലത്ത് മലബാറിൽ നിന്ന് പ്രതിദിനം പതിനായിരത്തിലേറെ യാത്രക്കാരാണ് ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നത്. ഇതിൽ വളരെ കുറച്ചുപേർക്ക് മാത്രമേ ട്രെയിൻയാത്ര സാധിക്കുന്നുള്ളൂ. ബെംഗളൂരുവിലേക്ക് യശ്വന്ത്പുര പ്രതിദിന ട്രെയിനും ആഴ്ചയിൽ ഒരിക്കൽ മാത്രമുള്ള ബെംഗളൂരു ട്രെയിനുമാണുള്ളത്. തെക്കൻ ജില്ലയിൽ നിന്നാകട്ടെ, 42 സർവീസാണുള്ളത്.
അവധിക്കാല യാത്രകൾക്ക് കൂടുതൽ പേരും ഇപ്പോൾ ബസ്സിനെയാണ് ആശ്രയിക്കുന്നത്. കേരളത്തിന്റെയും കർണാടകയുടെയും കെഎസ്ആർടിസി ബസ്സുകളിൽ തിരക്കേറെയാണ്. സ്വകാര്യ കോൺട്രാക്ട് കാര്യേജ് സർവീസുകൾ സീസണായപ്പോൾ ചാർജ് വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഇതുമൂലം ഉദ്യോഗസ്ഥരും വിദ്യാർത്ഥികളും മറ്റും ഷെയർ ടാക്സി രീതിയാണ് ഇപ്പോൾ സ്വീകരിക്കുന്നത്.
മലബാറിനോടുള്ള റെയിവേ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരകേരളത്തിലെ എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്കും ദക്ഷിണ റെയിൽവേ അധികൃതർക്കും നിവേദനം നൽകിയെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല. കൊങ്കൺ ബന്ധമുള്ളതിനാലാണ് ഇത്രയെങ്കിലും ട്രെയിൻ മലബാറിന് കിട്ടുന്നത്.
റെയിൽവേ ഉന്നതതലത്തിൽ എടുക്കുന്ന തീരുമാനപ്രകാരമാണ് സ്പെഷ്യൽ ട്രെയിനുകൾ ഓടിക്കുന്നതെന്നും മലബാറിലെ ജനങ്ങളുടെ ആവശ്യം റെയിൽവേ ട്രാഫിക് വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ദക്ഷിണ റെയിൽവേ സീനിയർ പബ്ലിക് റിലേഷൻസ് ഓഫീസർ ചെന്തമിഴ് ശെൽവൻ പറഞ്ഞു.