തിരുവനന്തപുരം: ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഉപഭോക്താക്കൾക്ക് കേരള വാട്ടർ അതോറിറ്റി നൽകുന്ന സൗജന്യകുടിവെള്ള ആനുകൂല്യം ലഭിക്കുന്നതിനുള്ള അപേക്ഷകൾ ജനുവരി ഒന്നു മുതൽ 31 വരെ സമർപ്പിക്കാം. പ്രതിമാസം 15000 ലിറ്റര്‍ വരെ മാത്രം ജല ഉപഭോഗമുള്ള, ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങൾക്കാണ് ആനുകൂല്യം ലഭിക്കുന്നത്.
2026ൽ ബിപിഎല്‍ ആനുകൂല്യം ലഭിക്കുന്നതിന് ജനുവരി 31ന് മുമ്പ് അപേക്ഷ നൽകണം. നിലവില്‍ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവരും പുതുതായി ആനുകൂല്യം ആവശ്യമുള്ളവർക്കും അപേക്ഷ നൽകാം. http://bplapp.kwa.kerala.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്.
ഉപഭോക്താക്കളുടെ ഇ-അബാക്കസ് വിവരങ്ങള്‍ സിവില്‍ സപ്ലൈസ് വെബ്സൈറ്റിലെ റേഷന്‍കാര്‍ഡ് വിവരങ്ങളുമായി താരതമ്യം ചെയ്ത് അര്‍ഹതയുള്ളവര്‍ക്ക് ആനുകൂല്യം അനുവദിക്കും. വാട്ടർ ചാർജ് കുടിശ്ശികയുള്ളവരും പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവരും ജനുവരി 31ന് മുമ്പ് അപേക്ഷ കുടിശ്ശിക അടച്ചുതീർക്കുകയും കേടായ മീറ്റർ മാറ്റി സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.
ഈ വർഷം മുതൽ വാടകവീടുകളിൽ താമസിക്കുന്നവർക്കും ബിപിഎല്‍ ആനുകൂല്യം അനുവദിക്കും. ഈ വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ അപേക്ഷയോടൊപ്പം വാടകക്കരാറിന്റെ പകര്‍പ്പും വീടുടമസ്ഥന്‍റെ സമ്മതപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വാട്ടർ അതോറിറ്റി സെക്ഷൻ ഓഫീസ് സന്ദർശിക്കുകയോ, ടോൾഫ്രീ നമ്പരായ 1916ൽ വിളിക്കുകയോ ചെയ്യാം.