തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചത്. വോട്ടര്‍ പട്ടികയിൽ നിന്ന് 24,08,503 പേരെയാണ് ഒഴിവാക്കിയത്. 6.49 ലക്ഷം പേരാണ് മരിച്ചവർ. കണ്ടെത്താൻ കഴിയാത്തവർ 6.45 ലക്ഷം. താമസം മാറിയവർ 8.16 ലക്ഷം. ഒന്നിൽ കൂടുതൽ തവണ പേരുള്ളവർ 1.36 ലക്ഷം. മറ്റുള്ളവർ 1.60 ലക്ഷം. എന്നിങ്ങനെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയവരുടെ കണക്കുകൾ.
കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്ജെൻഡർമാരും കരട് പട്ടികയിലുണ്ട്. ഒഴിവാക്കപ്പെട്ടവരിൽ പേര് ചേർക്കേണ്ടവർ ഫോം പൂരിപ്പിച്ച് നൽകണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് മുതൽ ജനുവരി 22 വരെ ആക്ഷേപങ്ങളും പരാതികളും നൽകാം. പരാതികൾ ഫെബ്രുവരി 14-നകം തീർപ്പാക്കും. ആയിരത്തോളം ഉദ്യോഗസ്ഥരെ പരാതി പരിഗണിക്കാൻ നിയോഗിച്ചിട്ടുണ്ട്. ഫെബ്രുവരി 21ന് ആണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്.
കരട് പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: voters.eci.gov.in
ഹോം പേജിലെ 'Search your name in E-roll' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.