ബംഗളൂരു: കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ കണ്ടെയ്നർ ലോറി സ്ലീപ്പർ ബസ്സുമായി കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവർ അടക്കം 17 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് ശിവമോഗയിലേക്ക് പുറപ്പെട്ട ‘സീ ബേർഡ്' എന്ന സ്വകാര്യ സ്ലീപ്പർ ബസ്സാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ ദേശീയപാത(NH-48)ൽ ചിത്രദുർഗയിലെ ഗോർലത്തിന് സമീപം വെച്ചായിരുന്നു അപകടം. ഏഴു പേർ ചാടി രക്ഷപ്പെട്ടുവെന്ന് പറയുന്നു.
ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നു. ശക്തമായ ഇടിയിൽ സ്ലീപ്പർ കോച്ചിന് തീപിടിക്കുകയും നിരവധി യാത്രക്കാർ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തു. രക്ഷപ്പെട്ട പലർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിൽ മരിച്ച യാത്രക്കാരുടെ കുടുംബങ്ങൾക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.