തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ പ്രമാണിച്ച് ഡിസംബറിലെ ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ വിതരണം തുടങ്ങും. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.
62 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിൽ തുകയെത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാനം മുൻകൂർ അനുവദിച്ചിട്ടുണ്ട്. നവംബറിൽ വർധിപ്പിച്ച ക്ഷേമപെൻഷൻ അടക്കം 3600 രൂപ ഒരാളുടെ കൈകളിലെത്തിയിരുന്നു. നേരത്തെ കുടിശ്ശികയായ അവസാന ഗഡു 1600 രൂപയും നവംബറിലെ 2000 രൂപയുമാണ് വിതരണം ചെയ്തത്.
കേന്ദ്രസർക്കാറിൻ്റെ സാമ്പത്തിക ഉപരോധങ്ങളെ മറികടന്നാണ് അർഹരായവർക്കെല്ലാം സർക്കാർ ക്ഷേമപെൻഷൻ വിതരണം ചെയ്തത്. ക്ഷേമപെൻഷൻ 600 രൂപയിൽ നിന്ന് 2000 രൂപ വരെ ഘട്ടങ്ങളായി വർദ്ധിപ്പിച്ചത് പിണറായി സർക്കാറുകളാണ്. 2011ലെ ഉമ്മൻചാണ്ടി സർക്കാർ 100 രൂപ വർധിപ്പിച്ച് 600 രൂപയാക്കിയ ക്ഷേമപെൻഷൻ ഒന്നാം പിണറായി സർക്കാർ 1600 രൂപയാക്കി ഉയർത്തി. രണ്ടാം പിണറായി സർക്കാർ അത് 2000 രൂപയായി കുത്തനെ വർദ്ധിപ്പിക്കുകയായിരുന്നു.