കോഴിക്കോട്: വയനാട്ടിൽ കോഴിക്കോട് സ്വദേശിയെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതി പോലീസ് ജീപ്പിൽ നിന്നും ചാടിപ്പോയി. ബത്തേരി പോലീസ് തൃശൂരിൽ നിന്ന് പിടികൂടി വയനാട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സുഹാസ് (അപ്പു- 33) എന്ന പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളഞ്ഞത്. കോഴിക്കോട് ചേവായൂരിന് സമീപമെത്തിയപ്പോൾ മൂത്രമൊഴിക്കണമെന്ന് ഇയാൾ ആവശ്യപ്പെട്ടതിനെ തുടർന്ന് പോലീസ് ജീപ്പ് നിർത്തിയ സമയത്താണ് ഇയാൾ രക്ഷപ്പെട്ടത്. പ്രതിക്കായി ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
നിരവധി കവർച്ചാ കേസുകളിലും അക്രമക്കേസുകളിലും പ്രതിയാണ് തൃശൂർ ചന്ദ്രാപിന്നി സ്വദേശിയായ സുഹാസ്. ഈ മാസം നാലിന് രാത്രി പത്തു മണിയോടെ ബത്തേരി കല്ലൂരിന് സമീപം ദേശീയ പാത 766 ൽ കോഴിക്കോട് കാരാപ്പറമ്പ് സ്വദേശി സന്തോഷ്കുമാർ (53), ഡ്രൈവർ ബാലുശ്ശേരി സ്വദേശി ജിനേഷ് (48) എന്നിവരെ ആക്രമിച്ച് വാഹനം കവർച്ച ചെയ്ത കേസിലെ പ്രതിയാണ് സുഹാസ്. എട്ടുപേരാണ് ഈ കേസിൽ പ്രതികളായിട്ടുള്ളത്.
കാർ ഭാഗികമായി കുത്തിപ്പൊളിച്ച് കേടുപാടുകൾ വരുത്തി ഉപേക്ഷിച്ച നിലയിൽ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ സംസ്ഥാന അതിർത്തിക്കടുത്ത് അഞ്ചാം തിയ്യതി പുലർച്ചെ കണ്ടെത്തുകയായിരുന്നു. ഈ വാഹനം കവർച്ച ചെയ്യാൻ സഹായിച്ചതുമായി ബന്ധപ്പെട്ട് പുൽപള്ളി പാടിച്ചിറ, സീതാമൗണ്ട്, പുതുച്ചിറ വീട്ടിൽ രാജൻ (61) എന്നയാളെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാറിന്റെ സീറ്റുകളും പിൻഭാഗവും ഡാഷ് ബോഡുമെല്ലാം കുത്തിപ്പൊളിച്ച നിലയിലായിരുന്നു. ഇതിലെ ഡാഷ് ബോർഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പോലീസ് രാജനെ പിടികൂടിയത്.
കുഴൽപ്പണ ഇടപാടുകളാണോ അതോ മറ്റൊരു കാറിനായി ക്വട്ടേഷനെടുത്ത് കാത്തുനിന്ന് ആ കാറാണെന്നു കരുതി ആക്രമിക്കുകയായിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇതിനിടെയാണ് കേസിൽ പിടികൂടിയ പ്രതി പോലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടത്.