Trending

ഡൽഹി സ്ഫോടനം: കേരളത്തിലും ജാഗ്രതാ നിർദ്ദേശം, ബസ് സ്റ്റാൻഡിലും, റെയിൽവേ സ്റ്റേഷനുകളിലും പരിശോധന ശക്തമാക്കി.


തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിൽ പ്രധാന കേന്ദ്രങ്ങളിൽ പോലീസ് സുരക്ഷ കൂട്ടി. കേരളത്തിൽ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകി. തിരുവനന്തപുരം റയിൽവേ സ്റ്റേഷനിലും കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും ഉൾപ്പെടെ പ്രധാനപ്പെട്ട ന​ഗരങ്ങളിലെല്ലാം പരിശോധന നടക്കുകയാണ്. ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തുന്നത്. റെയിൽവേ സ്റ്റേഷന് അകത്തും പാർക്കിംഗ് ഏരിയയിലുമാണ് പരിശോധന നടത്തുന്നത്. കേരളത്തിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പോലീസ് പട്രോളിംഗ് ശക്തിപ്പെടുത്തണമെന്നും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ഡിജിപി റവാഡ ചന്ദ്രശേഖർ പോലീസിന് നിർദ്ദേശം നൽകി. ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം, റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണമെന്നും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദ്ദേശം നൽകി. ജില്ലാ പോലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദ്ദേശം നൽകി.

അതേസമയം ഡൽഹിയെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുകയാണ്. ഇതുവരെ 13 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 30 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ പലരുടെയും നില ഗുരുതരമാണ്. നിരവധി വാഹനങ്ങൾക്ക് തീപിടിച്ചു. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് അടുത്താണ് സ്ഫോടനം ഉണ്ടായത്. രണ്ടു കാറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് സൂചന. സംഭവത്തെ തുടർന്ന് ഡൽഹിയിൽ അതീവ ജാ​​ഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. അയല്‍ സംസ്ഥാനങ്ങളിലും കനത്ത ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Post a Comment

Previous Post Next Post