കൊടുവള്ളി: പാമ്പുകടിയേറ്റെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നാലാം ക്ലാസുകാരി മരിച്ചു. കൊടുവള്ളി കരീറ്റിപറമ്പ് ഊരാളുക്കണ്ടി യു.കെ ഹാരിസ് സഖാഫിയുടെ മകൾ ഫാത്വിമ ഹുസ്ന (8) ആണ് മരിച്ചത്. മാനിപുരം എയുപി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് ഫാത്വിമ ഹുസ്ന.
കഴിഞ്ഞ വെള്ളിയാഴ്ച മടവൂരിൽ വെച്ച് നടന്ന ഒരു ചടങ്ങിനിടെയാണ് കുട്ടിയ്ക്ക് ദേഹാസ്വസ്ഥ്യവും ശരീരംമാസകലം നീല നിറം കാണപ്പെടുകയും ചെയ്തത്. തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെൻ്റിലേറ്ററിൽ നിരീക്ഷണത്തിലിരിക്കെയാണ് മരണം സംഭവിച്ചത്.
കുട്ടിയടക്കമുള്ള ആളുകൾ കൂടിനിന്ന ഭാഗത്തേക്ക് പാമ്പ് ഇഴഞ്ഞു പോകുന്നത് കണ്ടതായി സമീപത്ത് ഉണ്ടായിരുന്നവർ പറഞ്ഞിരുന്നു. എന്നാൽ യഥാർത്ഥ മരണകാരണം എന്തെന്ന് ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ. മാതാവ്: റാബിയ. സഹോദരൻ: ഷിബിലി.