താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിൽ സ്വകാര്യ എസ്റ്റേറ്റിലെ സെക്യൂരിറ്റി ജീവനക്കാരന്റെ പരാക്രമം. കത്തികൊണ്ടുള്ള ആക്രമത്തിൽ യുവാവിന് പരിക്കേറ്റു. ചുങ്കം ചെക്ക് പോസ്റ്റിന് സമീപം പ്രവർത്തിക്കുന്ന തട്ടുകടയിൽ വെച്ച് ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. ചാവക്കാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ തങ്ങൾക്ക് നേരെ പ്രകോപനമൊന്നുമില്ലാതെ കത്തിയുമായി ആക്രമിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അക്രമിയുടെ കയ്യിൽ നിന്നും കത്തി പിടിച്ചുവാങ്ങുന്നതിനിടെയാണ് താമരശ്ശേരി ചുങ്കം കാലറക്കാം പൊയിൽ സുലൈമാന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സംഭവവുമായി ബന്ധപ്പെട്ട് താമരശ്ശേരി പോലീസിൽ പരാതി നൽകുമെന്ന് നാട്ടുകാർ പറഞ്ഞു.