കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ഏറ്റുകുടുക്ക സ്വദേശി അനീഷ് (44) ആണ് മരിച്ചത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിലവിൽ ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ട്. പയ്യന്നൂർ പോലീസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ബൂത്ത് ലെവൽ ഓഫീസറായി ജോലി ചെയ്യുന്നതിൻ്റെ സമ്മർദ്ദം അനീഷിനുണ്ടായിരുന്നെന്ന് കുടുംബം ആരോപിക്കുന്നു. എസ്‌ഐആർ ഫോം വിതരണവുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടി നേതാക്കളെ കൂടെ കൂട്ടിയതുമായി ബന്ധപ്പെട്ടും തർക്കങ്ങളുണ്ടായിരുന്നു. ഫോം പൂരിപ്പിക്കാൻ വൈകിയതുമായി ബന്ധപ്പെട്ടും അനീഷിന് സമ്മർദമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ജോലിയിലെ സമ്മർദ്ദം സംബന്ധിച്ച് അനീഷ് പറഞ്ഞിരുന്നതായി ഭാര്യയും വ്യക്തമാക്കുന്നുണ്ട്. ശനിയാഴ്ച രാത്രി വളരെ വൈകിയാണ് അനീഷ് ഉറങ്ങിയതെന്ന് ഭാര്യ പറഞ്ഞു.
അതേസമയം ബൂത്ത് ലെവൽ ഓഫീസറെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേൽക്കർ. അനീഷിന്‍റെ ആത്മഹത്യ ജോലിസമ്മർദ്ദം മൂലമാണെന്ന ആരോപണം ശക്തമായതോടെയാണ് കമ്മീഷൻ ഇടപെട്ടത്. സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി സമ്മർദ്ദം ഉണ്ടാകേണ്ട കാര്യമില്ലെന്നും 31 ദിവസം ബിഎൽഒ മാർക്ക് വേറെ ജോലിയൊന്നും നൽകിയിട്ടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി. ടീം വർക്ക് എന്ന നിലയിലാണ് ജോലികൾ നടക്കുന്നതെന്നും രത്തൻ ഖേൽക്കർ വിശദീകരിച്ചു.