പത്തനംതിട്ട: സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട കരുമാൻതോട് ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ആദിലക്ഷ്മി (7), യഥുകൃഷ്ണൻ (4) എന്നിവരാണ് മരിച്ചത്. പത്തനംതിട്ട തൂമ്പാക്കുളത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം. വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ യഥുകൃഷ്ണനെ കാണാതായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും നടത്തിയ ഏറെ നേരെത്തെ തിരച്ചിലിന് ഒടുവിൽ സമീപത്തെ പൊന്തക്കാട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.
നാലു മണിയോടെ സ്‌കൂള്‍ വിട്ടശേഷം വിദ്യാര്‍ത്ഥികളുമായി പോവുകയായിരുന്ന ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ കണ്ട പാമ്പിനെ വെട്ടിച്ചപ്പോള്‍ ഓട്ടോ തോട്ടിലേക്ക് മറിഞ്ഞെന്നാണ് വിവരം. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോ മറിഞ്ഞത്. ഡ്രൈവറും അഞ്ചു കുട്ടികളുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ രണ്ടു കുട്ടികളാണ് മരിച്ചത്. പരിക്കേറ്റ ഡ്രൈവറെയും മറ്റുകുട്ടികളെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുകുട്ടികളുടെ തലയ്ക്കാണ് പരിക്ക്. ഒരാള്‍ക്ക് കൈയ്ക്കും പരിക്കുണ്ട്.