Trending

കോക്കല്ലൂരിൽ ബസ്സ് കാത്തിരിപ്പുകേന്ദ്രം തകർന്നിട്ട് മാസങ്ങൾ; ഉടൻ നിർമ്മിക്കണമെന്ന ആവശ്യം ശക്തം.


ബാലുശ്ശേരി: കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാനപാതയിൽ കോക്കല്ലൂരിൽ നിന്ന് താമരശ്ശേരി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കായി നിർമ്മിച്ച ബസ്‌ കാത്തിരിപ്പുകേന്ദ്രം അപകടത്തിൽ തകർന്ന് നോക്കുകുത്തിയായിട്ട് മാസങ്ങൾ. കോക്കല്ലൂരിൽ നിന്ന് കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്യുന്നവർക്കാവട്ടെ ഇവിടെ കാത്തിരിപ്പുകേന്ദ്രം പോലുമില്ല. കോക്കല്ലൂരിലെ സ്കൂളിൽ പഠിക്കുന്ന 2,500 ഓളം വരുന്ന കുട്ടികളും യാത്രക്കാരും ആശ്രയിക്കുന്നതാണ് ഈ കാത്തിരിപ്പുകേന്ദ്രം. 

സ്കൂൾ വിടുന്ന സമയത്തുണ്ടാവുന്ന അസാമാന്യ തിരക്കിൽ മഴയും വെയിലും കൊണ്ടാണ് കുട്ടികൾ ബസ്സ് കാത്തുനിൽക്കുന്നത്. മഴകൊള്ളാതിരിക്കാനായി കടവരാന്തകളെയാണ് കുട്ടികളും യാത്രക്കാരും ആശ്രയിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് അപകടത്തിൽ തകർന്നുപോയ കാത്തിരിപ്പുകേന്ദ്രം നന്നാക്കാനോ കൊയിലാണ്ടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവർക്കു വേണ്ടി ഒരു കാത്തിരിപ്പുകേന്ദ്രം നിർമ്മിക്കാനോ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാകുന്നില്ല.

സ്കൂൾ വിട്ടാലുള്ള വലിയ തിരക്കും വാഹനാപകടത്തിന്റെ വർദ്ധനയും കോക്കല്ലൂർ ടൗണിലെ ആളുകളെ ആശങ്കയിലാക്കുകയാണ്. കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാൽ മഴയത്ത് കടവരാന്തകളെ ആശ്രയിക്കുന്ന കുട്ടികൾ ബസ്സ് വരുന്ന സമയത്ത് അതിൽക്കയറാൻ ഓടിപ്പോകുന്നതും അപകടസാധ്യത വർദ്ധിപ്പിക്കുന്നു. മാഞ്ഞുപോകാൻ തുടങ്ങിയ സീബ്രാലൈനാണ് റോഡിലുള്ളത്. അതുകൊണ്ടുതന്നെ സെക്യൂരിറ്റി ഗാർഡിനെ നിയമിച്ചാണ് റോഡ് മുറിച്ചു കടയ്ക്കാൻ കുട്ടികളെ സഹായിക്കുന്നത്. 

പ്രായംകൂടിയ യാത്രക്കാർ കടവരാന്തയെ ആശ്രയിക്കുന്നതുകൊണ്ട് സ്റ്റോപ്പിലെത്തുന്ന ബസ്സിലേക്ക് കയറാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ബസ്സ് കാത്തിരിപ്പുകേന്ദ്രം ഉടൻതന്നെ നിർമ്മിക്കാനാവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post