മുംബൈ: വിഖ്യാത ബോളിവുഡ് താരം ധർമേന്ദ്ര (ധരം സിങ് ഡിയോൾ-89) അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. മരണം സ്ഥിരീകരിച്ച് കരൺ ജോഹർ എക്സിൽ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. 90ാം പിറന്നാൾ ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെയാണ് ധർമേന്ദ്രയുടെ വിടവാങ്ങൽ. മുംബൈയിലെ വസതിയിൽ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു മരണം സംബന്ധിച്ചത്.
രണ്ടാഴ്ച മുമ്പ് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ വേളയിൽ ധർമേന്ദ്ര മരിച്ചുവെന്ന അഭ്യൂഹം പ്രചരിച്ചു. ദേശീയ മാധ്യമങ്ങളടക്കം ഇതുസംബന്ധിച്ച് വാർത്തനൽകിയിരുന്നു. എന്നാൽ മരണവാർത്ത തെറ്റാണെന്ന് കുടുംബം സ്ഥിരീകരിച്ചതോടെ മാധ്യമങ്ങൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് ഒക്ടോബർ 31നാണ് ധർമേന്ദ്രയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.
ലുധിയാനയിലാണ് ധർമേന്ദ്ര ജനിച്ചത്. ഇന്ത്യൻ സിനിമയിലെ മഹാനടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ധർമേന്ദ്ര 1960ൽ 'ദിൽ ഭീ തേരാ ഹം ഭീ തേരെ' എന്ന ചിത്രത്തിലൂടെയാണ് തന്‍റെ കരിയർ ആരംഭിച്ചത്. 2012ൽ ഭാരത സർക്കാരിന്‍റെ മൂന്നാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. ആറ് പതിറ്റാണ്ട് നീണ്ട കരിയറിൽ യാദോൻ കി ബാരാത്ത്, മേരാ ഗാവ് മേരാ ദേശ്, നൗക്കർ ബീവി കാ, ഫൂൽ ഔർ പത്ഥർ, ബേതാബ്, ഘായൽ തുടങ്ങിയ അവാർഡ് നേടിയ നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച ധർമേന്ദ്ര കേവൽ കൃഷൻ ഡിയോൾ പിന്നീട് സിനിമയിലെ മിന്നും താരമാകുകയായിരുന്നു.
1960കളിൽ ലളിതവും റൊമാന്‍റിക്കുമായ കഥാപാത്രങ്ങളിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. 1970കളിൽ അദ്ദേഹം ആക്ഷൻ സിനിമകളിലേക്ക് തിരിയുകയും ബോളിവുഡിലെ ഏറ്റവും വലിയ ആക്ഷൻ താരങ്ങളിൽ ഒരാളായി മാറുകയും ചെയ്തു. ആക്ഷൻ രംഗങ്ങളിലും കോമഡി, റൊമാൻസ്, നാടകം എന്നിങ്ങനെയുള്ള എല്ലാത്തരം റോളുകളിലും അദ്ദേഹം ഒരുപോലെ തിളങ്ങി. ഷോലെ എന്ന എക്കാലത്തെയും വലിയ ഹിറ്റ് ചിത്രത്തിലെ വീരു എന്ന കഥാപാത്രം അദ്ദേഹത്തിന്‍റെ കരിയറിലെ ഒരു നാഴികക്കല്ലാണ്. നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സിനിമയിൽ നിന്ന് വിട്ട് നിൽക്കുമ്പോൾ അദ്ദേഹം കൃഷിയും ജൈവ ജീവിതരീതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായിരുന്നു. സോഷ്യൽ മീഡിയയിൽ തന്‍റെ കൃഷിത്തോട്ടത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് അദ്ദേഹം ആരാധകരുമായി ബന്ധം നിലനിർത്തിയിരുന്നു. ബോളിവുഡിന്‍റെ 'ഹീ-മാൻ' എന്നറിയപ്പെട്ടിരുന്ന ധർമേന്ദ്ര, ആറ് പതിറ്റാണ്ടിലേറെ നീണ്ട ശ്രദ്ധേയമായ ചലച്ചിത്ര പാരമ്പര്യമാണ് അവശേഷിപ്പിക്കുന്നത്. ഡിസംബർ 25ന് പുറത്തിറങ്ങാനിരിക്കുന്ന 'ഇക്കിസ്' എന്ന ചിത്രത്തിലായിരിക്കും അദ്ദേഹത്തിന്‍റെ അവസാന ഓൺ-സ്ക്രീൻ പ്രകടനം.