നരിക്കുനി: പാലങ്ങാട് സൊപ്രാനോ എൻജിനീയറിങ്, ആർട്സ് ആൻ്റ് സ്പോർട്സിൻ്റെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി നടക്കുന്ന കോഴിക്കോട് ജില്ല സീനിയർ എ ഡിവിഷൻ വോളീബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കമാകും. നവംബർ 9 മുതൽ 13 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പ് കൊടുവള്ളി എസ്ഐ വിനീത് വിജയൻ ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴു മണി മുതൽ പാലങ്ങാട് സൊപ്രാനോ ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ജില്ലയിലെ എട്ട് പുരുഷ ടീമുകളും നാല് വനിതാ ടീമുകളും മാറ്റുരയ്ക്കുന്ന ചാമ്പ്യൻഷിപ്പിൽ ദിവസം രണ്ടു വീതം മത്സരങ്ങൾ നടക്കും.
നരിക്കുനി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിൽ കുമാർ തേനാറുകണ്ടി, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പൻകണ്ടി, വാർഡ് മെമ്പർ ടി. രാജു തുടങ്ങിയവർ സംബന്ധിക്കും. കോഴിക്കോട് ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡൻ്റ് പി.കെ ബാപ്പു ഹാജി, സെക്രട്ടറി കെ.കെ മുസ്തഫ തുടങ്ങിയവർ ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകും. ഉദ്ഘാടന മത്സരത്തിൽ ഇന്ന് സായി സെന്റർ കോഴിക്കോട് ഇംപീരിയൽ സെറാമിക് എലത്തൂരുമായി ഏറ്റുമുട്ടും. സ്വപ്ന ബാലുശ്ശേരി, ബ്രദേഴ്സ് മൂലാട്, ഫൈറ്റേഴ്സ് പാലങ്ങാട്, ഹെക്സാസ് കുട്ടമ്പൂർ, പാറ്റേൺ കാരന്തൂർ, വിന്നേഴ്സ് നാദാപുരം എന്നിവരാണ് ടൂർണമെന്റിൽ മത്സരിക്കുന്ന മറ്റു ടീമുകൾ.