Trending

പ്രസവത്തിനു പിന്നാലെ യുവതി മരിച്ചു, ചികിത്സാ പിഴവെന്ന് കുടുംബം; കൈക്കുഞ്ഞുമായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം.


തിരുവനന്തപുരം: എസ്എടി ആശുപത്രിയിൽ പ്രസവത്തിനു പിന്നാലെ യുവതി അണുബാധയേറ്റ് മരിച്ചത് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. ആശുപത്രിക്കു മുന്നിൽ എത്തിയാണ് ബന്ധുക്കളുടെ പ്രതിഷേധം. തിരുവനന്തപുരം കരിക്കകം സ്വദേശിനി ശിവപ്രിയയാണ് (26) ഇന്ന് ഉച്ചയോടെ മരിച്ചത്. 

ഒക്ടോബർ 22ന് ആയിരുന്നു എസ്എടി ആശുപത്രിയിൽ ശിവപ്രിയയുടെ പ്രസവം. 25ന് ആശുപത്രി വിട്ട ഇവർ പനിയെ തുടർന്ന് 26ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റായി. പിന്നീട് നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കൾചറിൽ അണുബാധ കണ്ടെത്തി. 

തുടർന്ന് ഐസിയുവിലേക്കു മാറ്റിയ യുവതി ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു. എസ്എടി ആശുപത്രിയിൽ നിന്നാണ് ശിവപ്രിയയ്ക്ക് അണുബാധയുണ്ടായതെന്നും ചികിത്സാപ്പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ കൈക്കുഞ്ഞുമായി എത്തിയാണ് പ്രതിഷേധിച്ചത്.

അതേസമയം പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തിൽ റിപ്പോര്‍ട്ട് തേടി മന്ത്രി വീണാ ജോര്‍ജ്. ആശുപത്രിക്കെതിരെയുള്ള ബന്ധുക്കളുടെ പരാതിയില്‍ പ്രത്യേക ടീമിനെ വെച്ച്‌ അന്വേഷണം നടത്തി രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.

Post a Comment

Previous Post Next Post