Trending

കോതമംഗലത്ത് ബിരുദ വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ ജീവനൊടുക്കി; ദുരൂഹത ആരോപിച്ച് കുടുംബം.


എറണാകുളം: കോതമംഗലം ഇന്ദിരഗാന്ധി കോളേജില്‍ ബിബിഎ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി മാങ്കുളം മുനിപ്പാറ സ്വദേശി മലനിരപ്പലിൽ ഹരിയുടെ മകൾ നന്ദന (19) യാണ് മരിച്ചത്. നന്ദനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു. കോളേജില്‍ മറ്റു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും പെൺകുട്ടിയിൽ അസ്വാഭാവികത ഒന്നും കണ്ടില്ലെന്നും പ്രിന്‍സിപ്പൽ ഡോ. വിജി കെ. രാമകൃഷ്ണൻ പറഞ്ഞു. 

നെല്ലിക്കുഴിയില്‍ കോളേജ് കോമ്പൗണ്ടിലെ ഹോസ്റ്റലിലാണ് നന്ദന താമസിച്ചിരുന്നത്. ശനി, ഞായര്‍ അവധിയെ തുടര്‍ന്ന് നന്ദനയുടെ മുറിയില്‍ താമസിച്ചിരുന്ന മൂന്നുപേര്‍ വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിലൊരാള്‍ ഇന്ന് രാവിലെ എട്ടു മണിക്ക് തിരികെത്തി പരിശോധിച്ചപ്പോളാണ് നന്ദനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടർന്ന് പോലീസെത്തി വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. വെള്ളിയാഴ്ച ഫീസടയ്ക്കാനുള്ള 35000 രൂപ പിതാവ് ഹരി നന്ദനയ്ക്ക് അയച്ച് നല്‍കിയിരുന്നു. മറ്റ് പ്രശ്നങ്ങളെ കുറിച്ച് കുടുംബത്തിനും അറിയില്ല. 

സമൂഹമാധ്യമങ്ങളിലടക്കം സജീവമായിരുന്നു നന്ദന. എന്നാല്‍ മരിക്കുന്നതിന് മുമ്പ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്. കോളേജിലും സജീവമായിരുന്ന വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അധ്യാപകരും ഞെട്ടലിലാണ്. പ്രാഥമിക പരിശോധനയില്‍ നന്ദനയുടേത് ആത്മഹത്യയെന്ന നിഗമനത്തിലാണ് പോലീസ്. നന്ദനയുടെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തിലേക്ക് നയിച്ചതുമായി ബന്ധപ്പെട്ട സൂചനകള്‍ ഇതില്‍ നിന്ന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോതമംഗലം പോലീസ്. 

Post a Comment

Previous Post Next Post