Trending

നിക്ഷേപങ്ങൾ തടസ്സപ്പെടും; പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ചില പ്രതിസന്ധികള്‍ നേരിടേണ്ടി വരും..!


ന്യൂഡൽഹി: പാൻകാര്‍ഡ് ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 ആണ്. ഈ സമയപരിധിക്കുള്ളില്‍ ലിങ്ക് ചെയ്യാത്തവരുടെ പാന്‍ കാര്‍ഡുകള്‍ 2026 ജനുവരി ഒന്നു മുതല്‍ പ്രവര്‍ത്തനരഹിതമാകും. ഇത് വരുമാനം, നിക്ഷേപങ്ങള്‍, നികുതി റീഫണ്ടുകള്‍ എന്നിവയെ നേരിട്ട് ബാധിക്കുമെന്നും ശമ്പളം ഉള്‍പ്പെടെ തടസ്സപ്പെടുമെന്നും ടാക്‌സ് ഫയലിങ് പ്ലാറ്റ്ഫോമായ ടാക്‌സ് ബഡ്ഡി മുന്നറിയിപ്പ് നല്‍കുന്നു. നികുതി സമ്പ്രദായം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പാന്‍ ആധാറുമായി ബന്ധിപ്പിക്കല്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. 2025 ജൂലൈ ഒന്നിന് ശേഷം പുതിയ പാൻ കാർഡിന് അപേക്ഷിക്കുന്നവര്‍ക്ക്, അപേക്ഷാ പ്രക്രിയയില്‍ തന്നെ ഈ ലിങ്കിങ് ഓട്ടോമാറ്റിക്കായി പൂര്‍ത്തിയായിരിക്കും.

നിശ്ചിത സമയപരിധിക്കുള്ളില്‍ പാന്‍-ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കാതെ വന്നാല്‍ ജനുവരി ഒന്നു മുതല്‍ ചില പ്രതിസന്ധികള്‍ നേരിടാം..

1. ഐ.ടി.ആര്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല.

2. ഫയല്‍ ചെയ്ത റിട്ടേണുകളുടെ പ്രോസസിങ്ങും റീഫണ്ടുകളും നിര്‍ത്തലാക്കും.

3. ഉയര്‍ന്ന നിരക്കിലുള്ള ടി.ഡി.എസ്/ടി.സി.എസ്.

4. ബാങ്ക് ഇടപാടുകള്‍, നിക്ഷേപങ്ങള്‍, എസ്ഐപികള്‍ എന്നിവ തടസ്സപ്പെട്ടേക്കാം.

5. ഓഹരി വിപണി, മ്യൂച്വല്‍ ഫണ്ട് ഇടപാടുകള്‍, കെവൈസി അപ്‌ഡേറ്റുകള്‍ എന്നിവ നടത്താന്‍ കഴിയില്ല.

പാന്‍ പ്രവര്‍ത്തനരഹിതമായാലും നിലവിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ക്കോ നിക്ഷേപങ്ങള്‍ക്കോ പ്രശ്‌നമില്ല. എന്നാല്‍, പുതിയ നിക്ഷേപങ്ങള്‍ നടത്താനോ എസ്ഐപികള്‍ ആരംഭിക്കാനോ അവസാനിപ്പിക്കാനോ ഓഹരികള്‍ വാങ്ങാനോ വില്‍ക്കാനോ സാധിക്കില്ല. അതായത്, പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതുവരെ സാമ്പത്തിക ഇടപാടുകള്‍ സ്തംഭിക്കും. നിശ്ചിത തീയതിക്കുശേഷം ബന്ധിപ്പിച്ചാല്‍ 30 ദിവസത്തിനുള്ളില്‍ പാന്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും. വൈകി ബന്ധിപ്പിക്കുന്നതിന് 1000 രൂപ പിഴ നല്‍കേണ്ടി വരും.

പാന്‍-ആധാര്‍ എങ്ങനെ ലിങ്ക് ചെയ്യാം?

• ആദായ നികുതി വകുപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.incometax.gov.in

• ഹോം പേജിലെ 'Link Aadhaar' ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

• പാന്‍ നമ്പറും ആധാര്‍ നമ്പറും രേഖപ്പെടുത്തുക. 

• 'Validate' ബട്ടണ്‍ അമര്‍ത്തുക.

Post a Comment

Previous Post Next Post