Trending

എസ്ഐആർ ഫോമുകൾ വിതരണം ചെയ്തത് കുറവ്; ബിഎൽഒക്ക് കാരണം കാണിക്കൽ നോട്ടീസ്.


കോഴിക്കോട്: കോഴിക്കോട്ട് എസ്ഐആർ ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടി ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് സബ് കലക്ടറുടെ കാരണം കാണിക്കൽ നോട്ടീസ്. ഏൽപ്പിച്ച ജോലി നിരുത്തരവാദിത്തപരമായി കൈകാര്യം ചെയ്തെന്നും നവംബർ 15ന് മുൻപായി കാരണം ബോധ്യപ്പെടുത്തണമെന്നുമാണ് നോട്ടീസിലെ നിർദ്ദേശം. നവംബര്‍ 11ന് ആണ് ചേവായൂരിലെ ബിഎല്‍ഒക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 984 വോട്ടർമാരില്‍ 390 പേർക്കാണ് ബിഎൽഒ ഫോം നൽകിയത്. ഫോം വിതരണം ചെയ്യാന്‍ ഇനിയും സമയമുണ്ടെന്നാണ് ബിഎല്‍ഒ പറയുന്നത്. ബിഎല്‍ഒമാര്‍ക്ക് ജോലി ഭാരം കൂടുന്നുവെന്ന് വ്യാപകമായി പരാതി ഉയരുന്നതിനിടെയാണ് ബിഎല്‍ഒക്ക് കോഴിക്കോട് സബ് കലക്ടറുടെ നോട്ടീസ്.

അതിനിടെ, ഇടുക്കിയിൽ എസ്ഐആർ ഫോം വിതരണം സംബന്ധിച്ച വ്യാജമായ കണക്ക് നൽകാൻ നിർബന്ധിക്കുന്നുവെന്ന് തൊടുപുഴയില്‍ നിന്നുള്ള ബിഎൽഒ. മുഴുവൻ ഫോമുകളും വിതരണം ചെയ്തെന്ന് കണക്കു നൽകാനാണ് സമ്മർദ്ദം. വീടുകൾ മുഴുവൻ കയറാനാവാത്തത് മറച്ചുവെച്ച് ഫോം വിതരണം പൂർത്തിയാക്കിയെന്ന കണക്ക് നൽകാനാണ് ഉദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തുന്നതെന്നും ബിഎൽഒ പറഞ്ഞു. ബൂത്ത് ലെവൽ ഓഫീസര്‍മാര്‍ അനുഭവിക്കുന്ന ദുരിതം വിശദമാക്കുന്ന കൂടുതൽ ശബ്ദ സന്ദേശങ്ങളും പുറത്ത് വരുന്നുണ്ട്. രാത്രി 10.30 വരെ ഒറ്റയ്ക്ക് നടന്നു ഫോമുകൾ വിതരണം ചെയ്യേണ്ടി വരുന്നുണ്ടെന്നും ആഹാരം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനോ പോലും കഴിയുന്നില്ലെന്നും വനിതാ ബിഎൽഒ പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്.

'എത്ര വലിയ ഉദ്യോഗസ്ഥനായാലും അവർക്കും മനുഷ്യാവകാശമുണ്ട്. ഇത് മനുഷ്യത്വവിരുദ്ധമായ നടപടിയാണ്. ഞങ്ങളാരും നിങ്ങളുടെ അടിമയല്ല, ഡെപ്യൂട്ടേഷനിൽ വന്നവരാണ്. ഞങ്ങൾക്ക് വ്യക്തിസ്വാതന്ത്ര്യവും അവകാശവുമുണ്ട്. ഞങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിങ്ങൾക്ക് കഴിയില്ലെങ്കിൽ വേറെ വഴി നോക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് കരുതി ചത്ത് പണിയെടുത്ത് മരിക്കണമെന്നില്ലല്ലോ. രാത്രി ഒമ്പത് മണിക്കും പത്ത് മണിക്കും ഫോമുമായി നടക്കുമ്പോൾ പട്ടികളുടെ ശല്യമുണ്ട്. ചില ആളുകൾ വേറൊരു രീതിയിൽ കാണുന്നുണ്ട്. ഭക്ഷണം സമയത്ത് കഴിക്കാൻ പോലും ആകുന്നില്ല. പലപ്പോഴും പട്ടിണി കിടക്കുകയാണ്'. എന്ത് അച്ചടക്കനടപടി ആണെങ്കിലും നേരിടാൻ തയ്യാറാണെന്നും ഉദ്യോഗസ്ഥ ശബ്ദ സന്ദേശത്തിൽ പറയുന്നു.

Post a Comment

Previous Post Next Post