Trending

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പത്താം ക്ലാസ് വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ടു; യുവാവ് പിടിയിൽ.


കോഴിക്കോട്: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയോട് നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ. കാസർകോട് സ്വദേശി കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിൻ (29) ആണ് പിടിയിലായത്. ഷിബിനെ പോക്സോ നിയമപ്രകാരമാണ് ബേപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.

ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ ഫോണിലേക്ക് വിളിച്ച പ്രതി താൻ സിനിമാ സംവിധായകൻ ആണെന്നും, സിനിമയിൽ അഭിനയിപ്പിക്കാമെന്നും പറഞ്ഞ് വാട്സാപ്പ് വഴി മെസേജ് അയക്കുകയായിരുന്നു. പിന്നീട് നിരന്തരം പിൻതുടർന്ന് ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയുടെ നഗ്ന ഫോട്ടോകൾ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ബേപ്പൂർ പോലീസ് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി കാസർകോട് ഉണ്ടെന്നും കണ്ടെത്തി. പിന്നാലെ ബേപ്പൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അംഗജൻ, സിപിഒ സരുൺ, ഫറോക്ക് എസിപി സ്ക്വോഡ് അംഗങ്ങളായ എഎസ്ഐ അരുൺ, എസ്‌സിപിഒ വിനോദ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

Previous Post Next Post