തിരുവനന്തപുരം: പുതിയ കേരളത്തിന്റെ ഉദയമെന്നും ഇത് നവകേരളത്തിലേക്കുള്ള ചവിട്ടുപടിയെന്നും അതിദാരിദ്ര്യ മുക്ത കേരള പ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ. അതിദാരിദ്ര്യാവസ്ഥയെ മറികടന്നത് നാടിന്റെ സഹകരണത്തോടെയാണ്. ഫലപ്രദമായ ഇടപെടലുകൾ ഇനിയും തുടരണമെന്നും മുഖ്യമന്ത്രി പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് പുതിയ അധ്യായം തുറന്നു. ലോകത്തിന് മുന്നിൽ നാം ആത്മാഭിനത്തോടെ തല ഉയർത്തി നിൽക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. 
ഈ പ്രഖ്യാപനം തട്ടിപ്പ് അല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി നിർഭാഗ്യകരമായ ഒരു പരാമർശം ഇന്ന് കേട്ടുവെന്നും അതിലേക്ക് കൂടുതൽ പോകുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. നാടിന്റെ ഒരുമ കൊണ്ടാണ് ഇത് നേടാനായത്. അസാധ്യം എന്നൊന്നില്ല എന്ന് തെളിഞ്ഞു. ഓരോ കുടുംബത്തിലെയും അതിദാരിദ്യാവസ്ഥ മാറുന്നത് മന്ത്രിസഭ വിലയിരുത്തി. 4,70,000 ൽ അധികം വീടുകൾ യാഥാർത്ഥ്യമാക്കി. എൽഡിഎഫ് പ്രഖ്യാപിച്ച ഓരോ വാഗ്ദാനവും യാഥാർത്ഥ്യമാക്കുന്നു. ഇതിൽ ചാരിത്യാർത്ഥ്യം ഉണ്ട്. നമുക്ക് ഒരു ഭൂതകാലം ഉണ്ട്. അവിടെ നിന്ന് പലവിധ ക്ലേശങ്ങൾ താണ്ടിയാണ് നാം ഇവിടേക്കെത്തിയത്. 
പുതിയ കേരളത്തിനായുള്ള പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷ സർക്കാരുകൾ നേതൃത്വം നൽകി. കേരളാ മോഡലെന്ന് ലോകം വിളിച്ചു. 4 ലക്ഷം വീടുകൾ പൂർത്തിയാക്കാനായത് നിങ്ങൾ തന്നെ തുടർന്നോളൂ എന്ന് ജനം പറഞ്ഞതുകൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.