കോഴിക്കോട്: സംസ്ഥാനത്ത് കോഴിമുട്ട വില കുതിച്ചുയരുന്നു. ആഭ്യന്തര വിപണി ശക്തമായതും ഉത്പാദനത്തിൽ ഇടിവുണ്ടായതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. നിലവിൽ 7.50 രൂപയാണ് ഒരു മുട്ടയുടെ വില. മുട്ടവില നിശ്ചയിക്കുന്ന നാഷണൽ എഗ് കോഡിനേഷൻ കമ്മിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. വരും ദിവസങ്ങളിൽ ഇനിയും വില കൂടുമെന്നാണ് സൂചന.
ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉൽപാദന കേന്ദ്രമാണ് തമിഴ്നാട്ടിലെ നാമക്കൽ. കേരളത്തില്‍ ആവശ്യമായ മുട്ടയുടെ ഭൂരിഭാഗവും വരുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് നാമക്കലിൽ മുട്ട വില 5.70 രൂപയിൽ കൂടുന്നത്. നാമക്കലിൽ നിന്നുള്ള കയറ്റുകൂലിയും കടത്തുകൂലിയും ചേർത്ത് മൊത്തവ്യാപാരികൾക്ക് 6.35 രൂപയ്ക്കാണ് മുട്ട കിട്ടുന്നത്. ഇവർ ചെറുകിട വ്യാപാരികൾക്ക് 6.70 രൂപയ്ക്ക് വിൽക്കും. ഇത് സാധാരണ കടകളിലെത്തുമ്പോൾ 7.50 രൂപയാവും.
നവംബർ ഒന്നിന് നാമക്കലിൽ 5.40 രൂപയായിരുന്നു മുട്ട വില. എന്നാൽ 15ന് 5.90 രൂപയായി. 17-ന് ആറ് രൂപയിലെത്തി. വ്യാഴാഴ്ച വീണ്ടും വില 6.05 രൂപയായി ഉയർന്നു. അതേസമയം, ഹൈദരാബാദിൽ 6.30 രൂപയും വിജയവാഡയിൽ 6.60 രൂപയുമാണ് വില. ദക്ഷിണേന്ത്യയിൽ ഏറ്റവും കുറഞ്ഞവില നാമക്കലിലാണ്. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നാമക്കലിൽ നിന്ന് മുട്ട വാങ്ങാൻ തുടങ്ങി. ഇതും വില കൂടാൻ കാരണമായി.
ശബരിമല സീസണിൽ സാധാരണയായി വില കുറയുകയാണെങ്കിൽ ഇത്തവണ പതിവിന് വിപരീതമായി വില കൂടുകയാണ്. ഡിസംബർ മാസത്തിൽ കേക്ക് നിർമ്മാണം സജീവമാകുന്നതോടെ വില ഇനിയും കൂടും. മുട്ടവില ഉയര്‍ന്നതോടെ സംസ്ഥാനത്തെ ഹോട്ടലുകാരും തട്ടുകട ഉടമകളും പ്രതിസന്ധിയിലായിട്ടുണ്ട്. ഇത് മുട്ട അടങ്ങിയ ഭക്ഷണവിഭവങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമാകും.