ബാലുശ്ശേരി: ബാലുശ്ശേരിയിലെ ഡയലോഗ് മൊബൈൽ ഗാലറി എന്ന മൊബൈൽ വിൽപ്പനശാലയിൽ അരക്കോടി രൂപയുടെ വെട്ടിപ്പ് നടത്തിയ കേസിൽ മുൻ മാനേജർ നടുവണ്ണൂർ കിഴക്കെ പൂളക്കാപൊയിൽ അശ്വിൻകുമാറിന്‍റെ (35) മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ ഡിസ്‌ട്രിക്ട് ആൻഡ് സെഷൻ കോടതി തള്ളി.
ഡയലോഗ് മൊബൈൽ ഗാലറി സ്ഥാപന ഉടമ റൂറൽ ജില്ലാ പോലിസ് മേധാവിക്ക് നൽകിയ പരാതിയിൽ ഒക്‌ടോബർ 6ന് ആണ് ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. 2021 മുതൽ സ്ഥാപനത്തിൽ മാനേജറായിരുന്ന പ്രതി പല ഘട്ടങ്ങളിലായി 49,86,889 രൂപയുടെ വെട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയായിരുന്നു. സ്ഥാപന മാനേജ്മെന്‍റ് കൈയ്യോടെ പിടികൂടിയശേഷം കുറ്റം സമ്മതിച്ച പ്രതി പണം തിരികെ അടയ്ക്കുന്നതിനായി ചെക്കുകൾ നൽകിയെങ്കിലും ബാങ്കിൽ നിന്ന് മടങ്ങി. തുടർന്നാണ് മാനേജ്മന്‍റ് റൂറൽ എസ്പിക്കും ബാലുശ്ശേരി പോലീസിലും പരാതി നൽകിയത്.
പ്രതി കുറ്റം ചെയ്തു എന്ന് സമ്മതിക്കുന്ന രേഖകൾ കൂടി പരിഗണിച്ച് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് വിലയിരുത്തിയാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതി ഒളിവിലാണെന്നും വൈകാതെ അറസ്‌റ്റുണ്ടാവുമെന്നും പോലിസ് വൃത്തങ്ങൾ പറഞ്ഞു. ഒരു മാസത്തിലേറെയായി പ്രതി ഒളിവിലാണ്. ഭാരതീയ ന്യായസമഹിത പ്രകാരം വിശ്വാസവഞ്ചനക്കും മോഷണത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്.